കൊല്ലം: കുട്ടികൾക്ക് ഭക്ഷണം ചോദിച്ചെത്തിയ നാടോടിസംഘം വീട്ടിൽ നിന്ന് മൂന്നര പവൻ സ്വർണ്ണവും 12000 രൂപയും കവർന്നു. കിളികൊല്ലൂർ മങ്ങാട് സ്കൂളിന് സമീപം നവനീതത്തിൽ ലതയുടെ വീട്ടിൽ ബുധനാഴ്ചയാണ് കവർച്ച നടന്നത്. വീട്ടിൽ ലത മാത്രമുണ്ടായിരുന്ന സമയത്താണ് ഒരു മദ്ധ്യവയസ്കനും യുവതിയും രണ്ട് കുട്ടികളും അടങ്ങുന്ന സംഘം വീട്ടിലെത്തിയത്. കുട്ടികൾ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് പറഞ്ഞപ്പോൾ ഭക്ഷണം എടുക്കാൻ ലത അടുക്കളയിലേക്ക് പോയി. ഭക്ഷണവുമായി തിരികെയെത്തിയപ്പോൾ ആരെയും കണ്ടില്ല. ജോലി കഴിഞ്ഞ് മകൾ രാത്രിയിലെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട കാര്യം അറിയുന്നത്.
വീടിന്റെ മുൻവാതിൽ വഴി അകത്ത് കയറിയ നാടോടികൾ മേശപ്പുറത്ത് നിന്ന് അലമാരയുടെ താക്കോൽ കൈക്കലാക്കി കവർച്ച നടത്തിയെന്നാണ് പൊലീസ് നിഗമനം. രാത്രിയിൽ തന്നെ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി. പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി കിളികൊല്ലൂർ പൊലീസ് അറിയിച്ചു.