കൊല്ലം: സൂര്യകാന്തി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദീനദയാൽ ട്രോഫി കേരള കബഡി ലീഗ് സീസൺ 2 പീരങ്കി മൈതാനിയിൽ ആരംഭിച്ചു. മത്സരങ്ങൾ വി.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.
പുരുഷ, വനിതാ വിഭാഗങ്ങളിലായി ആറ് മത്സരങ്ങൾ ഇന്നലെ നടന്നു.
വനിതാ -പുരുഷ വിഭാഗങ്ങളിൽ അഞ്ച് വീതം ടീമുകളാണ് കബഡി ലീഗിൽ പങ്കെടുക്കുന്നത്. ദേശീയ കബഡി താരങ്ങളും ടീമുകളുടെ ഭാഗമാണ്. മത്സരങ്ങൾ 14 ന് സമാപിക്കും. ജേതാക്കളാകുന്ന ടീമുകൾക്ക് ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും ദീനദയാൽ ട്രോഫിയുമാണ് സമ്മാനം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രദർശന മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിൽ സംഘാടനാ സമിതി ചെയർമാൻ ജോൺ ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. സൂര്യകാന്തി ഫൗണ്ടേഷൻ പ്രസിഡന്റ് എം. സുനിൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം. സുന്ദരേശൻപിള്ള, കബഡി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. വിജയകുമാർ കബഡി ദേശീയ കോച്ച് ജെ. ഉദയകുമാർ, സംഘാടകസമിതി അംഗങ്ങളായ വിനോദ്, മാമ്പുഴ ശ്രീകുമാർ, മാലുമേൽ സുരേഷ്, ആർ. വിജയകുമാർ, ബേബിജോൺ പട്ടത്താനം തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തിനുശേഷം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻസ് നാരായൺ സിംഗിന്റെ ആശംസാ സന്ദേശം വേദിയിൽ വായിച്ചു.