ashli-solaman
ആഷ്ലി സോളമൻ

കുന്നത്തൂർ: അടൂർ ചന്ദനപ്പള്ളി ഗവ.എൽ.പി സ്കൂൾ അദ്ധ്യാപിക ശാസ്താംകോട്ട രാജഗിരി അനിത ഭവനത്തിൽ അനിത സ്റ്റീഫൻ (39) തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് ആഷ്ലി സോളമനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. കടപുഴയ്ക്ക് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഭാര്യയെ ചിരവ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഷ്ലി പത്തനംതിട്ട വഴി കോട്ടയത്തേക്കും പിന്നീട് കാസർകോട്ടേക്കും പോകുകയായിരുന്നു. കൊല്ലം റൂറൽ എസ്.പി ബി. അശോകന്റെ നേതൃത്വത്തിൽ സൈബർവിംഗ് ആഷ്ലിയുടെ മൊബൈൽ ഫോൺ നിരീക്ഷിക്കുകയായിരുന്നു. കൊല്ലം ജില്ലയിലേക്ക് മടങ്ങി എത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.

പൊലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ സ്കൂളിൽ നിന്ന് മക്കളായ ആരോമലും ആൽവിനും വീട്ടിലെത്തിയപ്പോഴാണ് അനിതയെ സ്വീകരണമുറിയിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട ചിരവയും കണ്ടെത്തിയിരുന്നു. അനിതയ്ക്ക് തേവലക്കര സ്വദേശിയായ അശോക പണിക്കർ എന്നയാളുമായി അടുപ്പവും വഴിവിട്ട ബന്ധവും ഉണ്ടായിരുന്നു. അനിതയെ ഭർത്താവ് തടങ്കലിൽ വച്ചിരിക്കുകയാണെന്ന് കാട്ടി ഇയാൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം പൊലീസ് വീട്ടിലെത്തി അനിതയുടെ മൊഴിയെടുക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. താൻ അശോക പണിക്കരോടൊപ്പം ജീവിക്കാൻ പോകുകയാണെന്ന് സംഭവ ദിവസം അനിത ഭർത്താവിനോട് പറഞ്ഞിരുന്നുവത്രെ.

അന്നു തന്നെ ഇവരെ കാണാൻ അശോക പണിക്കർ വീടിന് സമീപം എത്തുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യം മൂലം അനിതയെ ചിരവ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. കഴുത്തിൽ ഷാൾ മുറുക്കി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ഥലം വിട്ടതെന്ന് ആഷ്ലി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊട്ടാരക്കര ഡിവൈ. എസ്‌.പി അശോകന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട സി.ഐ വി.എസ് പ്രശാന്ത്, എസ്.ഐ മാരായ രാജീവ്, നൗഫൽ, എ.എസ്.ഐ അജയകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.