എല്ലാ അജൈവ മാലിന്യങ്ങളും വേർതിരിക്കും
പുനരുപയോഗിക്കാനാകാത്തവ സംസ്കരിക്കും
ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
ശാസ്ത്രീയമായ താത്പര്യ പത്രം അംഗീകരിക്കും
കൊല്ലം:കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന പതിറ്രാണ്ടുകൾ പഴക്കമുള്ള മാലിന്യം ആറ് മാസത്തിനകം പൂർണമായും സംസ്കരിക്കാൻ നഗരസഭയുടെ പദ്ധതി. ഇതിന്റെ ഭാഗമായി മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏജൻസികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ മാലിന്യം തള്ളാത്തതിനാൽ ജൈവമാലിന്യം ചെറിയ അളവിലേ ഉണ്ടാകൂ. നശിക്കാതെ അവശേഷിക്കുന്ന വർഷങ്ങൾ പഴക്കമുള്ള പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ വേർതിരിക്കും.
ഇവയിൽ പുനരുപയോഗിക്കാനാകാത്തവ പ്രദേശവാസികൾക്ക് ദോഷമുണ്ടാകാത്ത തരത്തിൽ സംസ്കരിക്കാനാണ് നീക്കം. പത്ത് കോടിയിലധികം രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. ലഭിക്കുന്ന താല്പര്യപത്രങ്ങളിൽ ശാസ്ത്രീയവും ചെലവുകുറഞ്ഞതുമാകും അംഗീകരിക്കുക. നേരത്തെ നീക്കം ചെയ്യുന്ന മാലിന്യം ഉപയോഗിച്ച് പാറക്വാറികൾ നികത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ചു.
കുരീപ്പുഴ മനുഷ്യാവകാശ സമിതി ഫയൽ ചെയ്ത ഹർജിയിൽ ചണ്ടി ഡിപ്പോയിൽ പുതുതായി മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നത് ഇടക്കാല വിധിയിലൂടെ ഹരിത ട്രൈബ്യൂണൽ വിലക്കിയിരുന്നു. ഇവിടെ കുന്നുകൂടിക്കിടക്കുന്ന മാലിന്യം ഏത് തരത്തിലുള്ളതാണെന്ന് പരിശോധിച്ച് എങ്ങനെ സംസ്കരിക്കുമെന്ന് ഈമാസം 29നകം റിപ്പോർട്ട് നൽകാനും കഴിഞ്ഞമാസം അവസാനം പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാലിന്യം പൂർണമായും സംസ്കരിക്കുന്നത്.
കുരീപ്പുഴയിലെ 4.5 ഏക്കർ സ്ഥലം 1940 മുതൽ ചണ്ടി ഡിപ്പോ ആയി പ്രവർത്തിക്കുകയാണ്. വിപുലമായ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ 2000ൽ സമീപത്തെ 12.5 ഏക്കർ സ്ഥലം കൂടി നഗരസഭ ഏറ്റെടുത്തു. പ്രതിദിനം 40ടൺ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റ് 2010 ൽ ഉദ്ഘാടനം ചെയ്തെങ്കിലും എതിർപ്പിനെ തുടർന്ന് ഒരു തരി മാലിന്യം പോലും സംസ്കരിക്കാനായില്ല. 2013 മുതൽ ഇവിടെ മാലിന്യം തള്ളുന്നതും നിരോധിച്ചു. പിന്നീട് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 30 കോടി ചെലവിൽ ഇവിടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നഗരസഭയും, മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാൻ സംസ്ഥാന സർക്കാരും പദ്ധതിയിട്ടപ്പോഴാണ് ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവുണ്ടായത്.
കെട്ടിക്കിടക്കുന്നത് :17000 മെട്രിക് ടൺ മാലിന്യം
സംസ്കരണ ചെലവ്: 10 കോടി
കുരീപ്പുഴ ചണ്ടി ഡിപ്പോ
01.സ്ഥാപിച്ചത്:1940 മുതൽ
02. സ്ഥലം: 4.5 ഏക്കർ
03. 2000ൽ 12.5 ഏക്കർ ഏറ്റെടുത്തു
04. മാലിന്യപ്ളാന്റ് ഉദ്ഘാടനം: 2010ൽ
05. സംസ്കരണ ശേഷി: 40 ടൺ
06. 2013ൽ മാലിന്യ നിക്ഷേപം നിരോധിച്ചു
ജനങ്ങളെ ബോധവത്കരിച്ച് കുരീപ്പുഴയിലെ മാലിന്യ സംസ്കരണ പദ്ധതിയുമായി മുന്നോട്ട് പോകും. കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനമില്ലാതെ നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വപരിഹാരം കാണാനാകില്ല
പി.ജെ. രാജേന്ദ്രൻ (നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)