anganvadi
വാളിയോട് മലയില പട്ടികവർഗ്ഗ കോളനിയിൽ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച അംഗൻവാടി കെട്ടിടം

ഓയൂർ:ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സ്വന്തം കെട്ടിടം ഉണ്ടായിട്ടും അംഗൻവാടി കുട്ടികൾ പഠിക്കുന്നത് വാടകക്കെട്ടിടത്തിൽ. ഇളമാട് പഞ്ചായത്തിലെ വാളിയോട് മലയിലെ പട്ടികവർഗ കോളനിയിലാണ് ഇൗ സ്ഥിതി. 2003-04 കാലയളവിൽ സർക്കാർ നിർമ്മിച്ച കെട്ടിടത്തിൽ 6 മാസം മാത്രമാണ് പ്രവർത്തനം നടന്നത്. പ്രദേശവാസിയായ വടക്കതിൽ വീട്ടിൽ ലളിതാംബിക സംഭാവനയായി നൽകിയ വസ്തുവിലാണ് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ വഴിയില്ല എന്ന കാരണത്തിലാണ് 12 വർഷമായി കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നത്. ഇവിടം കാടുമൂടി കിടക്കുകയാണ്. നിലവിൽ പാറംകോട് മുകളുവിള മുക്കിലെ വാടകക്കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ഇവിടേക്ക് യാത്രാദൂരമേറെയാണ്. കെട്ടിടത്തിന്റെ വാടകയും രക്ഷകർത്താക്കൾ നൽകണം. . കുറച്ച്നാൾ മുമ്പുവരെ അംഗനവാടി ജീവനക്കാരായിരുന്നു വാടക നല്കിയിരുന്നത്. എന്നാൽ ഇപ്പോൾ രക്ഷാകർത്താക്കൾ നിശ്ചിത തുക പിരിച്ചെടുത്താണ് നൽകുന്നത്. എത്രയും വേഗം അംഗനവാടി പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.