കൊല്ലം: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ശുപാർശ ചെയ്തിട്ടും മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസമായി തുക അനുവദിക്കാതിരുന്ന കേസുകളിൽ ജില്ലാ സഹകരണ ബാങ്കിന്റെ സസ്‌പെൻസ് അക്കൗണ്ടിൽ ലഭ്യമായ 5,07,993 രൂപയിൽ നിന്ന് പണം അനുവദിക്കാൻ കമ്മിഷൻ ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ ഇന്നലെ കൊല്ലത്ത് നടന്ന സിറ്റിംഗിലാണ് നിർദ്ദേശം നൽകിയത്. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ നടന്ന സിറ്റിംഗിൽ കമ്മിഷനംഗങ്ങളായ കൂട്ടായി ബഷീർ, അഡ്വ.വി.വി. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
മുൻ ഉത്തരവ് പ്രകാരം കടാശ്വാസ തുക ലഭിച്ചതിനെ തുടർന്ന് എട്ട് പേരുടെ ഈടാധാരം തിരികെ നൽകാൻ ഉത്തരവായി. ഏഴ് കേസുകളിൽ വായ്പ കണക്ക് തീർപ്പാക്കിയതായി ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തു. പ്രളയ ദുരിതത്തിൽ വീട് നശിച്ച മത്സ്യത്തൊഴിലാളിക്ക് അനുവദിച്ച കടാശ്വാസ തുകയ്ക്ക് പുറമെ ബാദ്ധ്യതയുള്ള മുതൽ തുകയ്ക്ക് പലിശ ഒഴിവാക്കി നൽകാൻ വെസ്റ്റ് ക്വയിലോൺ സർവീസ് ബാങ്കിനോട് കമ്മിഷൻ നിർദ്ദേശിച്ചു.
തെക്കുംഭാഗം സർവീസ് സഹ. ബാങ്കിൽ നിന്നെടുത്ത വായ്പയിൽ കടാശ്വാസമായി 67,067 രൂപ അനുവദിക്കാൻ കമ്മിഷൻ ശുപാർശ ചെയ്തു. 5000 രൂപയുടെ മറ്റൊരു വായ്പയിൽ ശുപാർശ ചെയ്ത കടാശ്വാസം ബാങ്കിന് ലഭിക്കും മുമ്പ് വായ്പ പുതുക്കി നൽകി അതിൽ നിന്നീടാക്കിയതിനാൽ അർഹമായ തുക പരാതിക്കാരിയുടെ പുതിയ വായ്പയിൽ വകയിരുത്തി നൽകാൻ ബാങ്കിന് നിർദ്ദേശം നൽകി.
ഈടാധാരം തിരികെ നൽകാൻ പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് ഹർജി നൽകിയ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കൊല്ലം ഡിവിഷന്റെ ആവശ്യം കമ്മിഷൻ നിരസിച്ചു. എത്രയും വേഗം ഈടാധാരങ്ങൾ തിരികെ നൽകി വായ്പ ക്‌ളോസ് ചെയ്യാൻ ബോർഡിനോട് നിർദ്ദേശിച്ചു.
അഞ്ചാലുംമൂട് ശാഖയിൽ നിന്ന് വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് 1,57,673 രൂപ തിരികെ നൽകാനും ചവറ ശാഖയിൽ നിന്ന് വായ്പയെടുത്ത മത്സ്യത്തൊഴിലാളികൾക്ക് സസ്‌പെൻസ് അക്കൗണ്ടിൽ നിന്ന് തുക ലഭ്യമായ സാഹചര്യത്തിൽ നിർബന്ധിപ്പിച്ച് അടച്ച 4,16,104 രൂപയും തിരികെ നൽകാനും കമ്മിഷൻ ഉത്തരവിട്ടു. കടാശ്വാസം അനുവദിക്കാൻ കമ്മിഷൻ നൽകിയ ഉത്തരവുകൾ പാലിക്കാത്ത കേസുകളിൽ നടപടി ത്വരിതപ്പെടുത്തി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങൾക്ക് ശുപാർശ ചെയ്ത കടാശ്വാസം ഉടൻ നൽകാൻ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 52 കേസുകൾ സിറ്റിംഗിൽ പരിഗണിച്ചു. രണ്ട് കേസുകളിൽ പരാതിക്കാരോ എതിർ കക്ഷികളോ ഹാജരാകാത്തതിനാൽ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
ജില്ലാ സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ ജി. ബിന്ദു, ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ സ്‌പെഷ്യൽ ഗ്രേഡ് സീനിയർ ഇൻസ്‌പെക്ടർ ജി. സോമശേഖരൻപിള്ള, എൽ.ഡി ക്ലാർക്ക് ഇ.എസ്. രാജി എന്നിവർ പങ്കെടുത്തു. സഹകരണ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് പുറമെ വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാൽക്യത ബാങ്കുകളുടെയും മാനേജർമാർ, ഭവന നിർമ്മാണ ബോർഡ്, മത്സ്യഫെഡ് തുടങ്ങിയ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും പരാതി സമർപ്പിച്ച അപേക്ഷകരും പങ്കെടുത്തു