കൊല്ലം: മയ്യനാട് റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് കിഫ്ബിയിൽ നിന്ന് 50 കോടി അനുവദിച്ചത് സംസ്ഥാന സർക്കാരിന്റെ നേട്ടമെന്ന് എം.നൗഷാദ് എം.എൽ.എ. ഇരവിപുരം മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മയ്യനാട് റെയിൽവേ മേൽപ്പാലം. പദ്ധതിക്ക് അനുമതി ലഭിച്ചത് എം.എൽ.എയും എൽ.ഡി.എഫും നടത്തിയ നിരന്തര ഇടപെടലുകളിലൂടെയാണ്. കേന്ദ്ര സർക്കാരിന്റെ വർക്ക് ഷെഡ്യൂളിൽ ഉൾപ്പെട്ട പദ്ധതിയല്ല മയ്യനാട് റെയിൽവെ മേൽപ്പാലം. കേന്ദ്ര സർക്കാരിന്റെ ഒരു രൂപ പോലും മേൽപ്പാലം നിർമ്മാണത്തിനായി വിനിയോഗിക്കുന്നില്ല.

മുഴുവൻ തുകയും നൽകുന്നത് സംസ്ഥാന സർക്കാർ മാത്രമാണ്. ബഡ്ജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി നേരിട്ടാണ് മയ്യനാട് റെയിൽവേ മേൽപ്പാലത്തിന് പണം അനുവദിച്ച കാര്യം പ്രഖ്യാപിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ കൂടി പൂർത്തീകരിച്ചാൽ നിർമ്മാണം ആരംഭിക്കാനാകും. ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പെടെ പണം വിനിയോഗിക്കേണ്ടതിനാൽ അന്തിമ ഘട്ടത്തിൽ കൂടുതൽ പണം ആവശ്യമായി വന്നാലും പദ്ധതി പൂർത്തീകരിക്കും. മയ്യനാട് മേൽപ്പാലത്തിന്റെ അനുമതിയിലേക്കെത്തിച്ച പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കടലാസ് സംഘടനകളും മറ്റ് ചിലരും നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്നും എം.നൗഷാദ് എം.എൽ.എ പറഞ്ഞു.