കൊല്ലം: മായംചേർത്ത ഭക്ഷണ സാധനങ്ങളുടെ വിൽപ്പന തടയാൻ പരിശോധന ശക്തമാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം. ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് കമ്മിറ്റിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഹോട്ടലുകൾ, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ എന്നിവയെ സംബന്ധിച്ച പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം. പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളിൽ ഉത്പാദന-കാലഹരണ തീയതികൾ, വില, സീൽ എന്നിവ രേഖപ്പെടുത്തിയിരിക്കണം. ചപ്പാത്തി, കുടിവെള്ളം, ശീതള പാനീയങ്ങൾ ഇവയുടെ ഉത്പാദന യൂണിറ്റുകളിൽ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തി ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കണം.
നിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഉപയോഗിക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഹോട്ടലുകൾ, വഴിയോരത്തെ തട്ടുകടകൾ, ബജിക്കടകൾ, ബേക്കറികൾ എന്നിവിടങ്ങളിലും സ്‌ക്വാഡ് ശ്രദ്ധചെലുത്തണം.
ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ഈ മേഖലയിൽ സഹകരിച്ച് പ്രവർത്തിക്കണം.
ഈ വർഷം ജൂലായ് മുതൽ സെപ്തംബർ വരെ 475 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും ക്രമക്കേടുകൾ കണ്ടെത്തി 2.98 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയതായും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മി​ഷണർ യോഗത്തിൽ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസർ ഷാജി കെ. ജോൺ, വിവിധ വകുപ്പ് മേധാവികൾ, ഭക്ഷ്യോപദേശക സമിതി അംഗങ്ങൾ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.