കൊല്ലം: വെളിയം പരുത്തിയറയിൽ എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയെ ബൈക്ക് തടഞ്ഞുനിjറുത്തി സംഘംചേർന്ന് മർദ്ദിച്ചു. ഓടനാവട്ടം അമ്പലത്തുംകാല യൂണിറ്റ് സെക്രട്ടറി പ്രവീണിനാണ് മർദ്ദനമേറ്റത്. പ്രവീണിനെ സാരമായ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം 8 മുതൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു മർദ്ദനം. 8ന് ഓടനാവട്ടം ജംഗ്ഷനിൽ വച്ച് പ്രവീണും മറ്റ് ചിലരുമായി വാക്ക് തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാനായി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയ പ്രവീണിനെ സ്റ്റേഷൻ വളപ്പിൽവച്ച് പത്തംഗ സംഘം മർദ്ദിച്ചു. പരിക്കേറ്റ പ്രവീണിനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വരുന്ന വഴിയാണ് പരുത്തിയറയിൽ റോഡരികിൽ നിന്ന പത്തംഗ സംഘം ബൈക്ക് തടഞ്ഞുനിറുത്തി വീണ്ടും മർദ്ദിച്ചതെന്നാണ് പരാതി. പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ വെളിയം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.