കൊല്ലം: എൻ.ഡി.എ ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് കൊല്ലത്ത് ഉജ്ജ്വല വരവേല്പ്. ആയിരക്കണക്കിന് ഭക്തർ ശരണമന്ത്ര ധ്വനികളോടെയാണ് യാത്രയെ വരവേറ്റത്. പാതവക്കിൽ തടിച്ചുകൂടി നിന്ന ജനങ്ങളും അയ്യപ്പനാമജപങ്ങൾ ഏറ്റുചൊല്ലി. കാത്തിരിപ്പിനൊടുവിൽ യാത്ര സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിയതോടെ വിശ്വാസികൾ ആവേശഭരിതരായി നേതാക്കളെ സ്വീകരിച്ചു.
എല്ലാമേഖലകളിലും സ്ത്രീകൾക്ക് തുല്യപരിഗണന കിട്ടണമെന്നാണ് ബി.ജെ.പി നിലപാടെങ്കിലും ആചാരാനുഷ്ഠാനങ്ങൾ ശാസ്ത്രീയമാണെങ്കിൽ അതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ പി.എസ്.ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. കോടതി വിധി നടപ്പാക്കുകയാണ് സി.പി.എം നയമെങ്കിൽ പൊലീസിന് രാഷ്ട്രീയ സ്വാതന്ത്ര്യം നൽകണമെന്ന 2006 ലെ സുപ്രീം കോടതിയുടെ അന്ത്യശാസനമാണ് ആദ്യം നടപ്പാക്കേണ്ടത്. കോടതിയോടുള്ള വിധേയത്വമല്ല വിശ്വാസങ്ങളെ തകർക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ശബരിമലവിധിയിൽ പുനഃപരിശോധനയ്ക്ക് അറ്റോർണി ജനറൽ ഇന്നലെ അനകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ കൂടി വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് സുപ്രീം കോടതിയെ സമീപിച്ചാൽ പുനഃപരിശോധന ഉറപ്പാണെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
സമാപന സമ്മേളനം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി.ബാബു സംസാരിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.സി.തോമസ്, ബി.ജെ.പി നേതാക്കളായ എൻ.എൻ. കൃഷ്ണദാസ്, ശോഭാസുരേന്ദ്രൻ, കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് സംസ്ഥാന സമിതി അംഗം തഴവ സഹദേവൻ, എം.എസ്. ശ്യാംകുമാർ, ജെ.ആർ. പത്മകുമാർ, തുടങ്ങിയവർ സംസാരിച്ചു. യാത്ര ഇന്നും ജില്ലയിൽ പര്യടനം നടത്തും.