photo
സെബാസ്റ്റ്യൻ

 

കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പെരിനാട് കടവൂർ സെബാസ്റ്റ്യൻ ഡെയിലിൽ സെബാസ്റ്റ്യൻ(31)നെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.30ന് കടവൂർ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ പാലക്കാട് സ്വദേശി ചന്ദ്രനാണ് (42) കുത്തേറ്റത്. ഇയാളെ കടവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്കൂട്ടറിന്റെ താക്കോൽകൊണ്ട് ചന്ദ്രന്റെ കഴുത്തിനാണ് കുത്തിയത്. മുറിവിന് രണ്ട് തയ്യൽ വേണ്ടിവന്നു. ചെങ്ങന്നൂർ- കൊല്ലം സർവീസ് നടത്തുന്ന ബസ് അഞ്ചാലുംമൂട്ടിലേക്ക് പോകുന്നതിനിടയിൽ സ്കൂട്ടറിൽ വന്ന സെബാസ്റ്റ്യൻ ബസിന് കുറികെ സ്കൂട്ടർ നിറുത്തി തടയുകയും ഡ്രൈവർ ചന്ദ്രനെ മർദ്ദിച്ച ശേഷം കുത്തുകയുമായിരുന്നു. പിന്നാലെ വന്ന സെബാസ്റ്റ്യന് സൈഡ് കൊടുക്കാത്തതിന്റെ വിരോധമായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.തുടർന്ന് സെബാസ്റ്റ്യൻ സ്കൂട്ടറിൽ രക്ഷപെട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാർ സ്കൂട്ടറിന്റെ നമ്പർ പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.