പുനലൂർ: കല്ലട ഇറിഗേഷനിലെ ഒറ്റക്കൽ തടയണയിൽ നിന്ന് കനാലിലേക്ക് വെളളം ഒഴുക്കുന്ന ഷട്ടർ മുന്നറിയിപ്പില്ലാതെ ഇളക്കി മാറ്റിയത് കാരണം പതിനായിരക്കണക്കിന് ലിറ്റർ വെള്ളം പാഴായി. തെന്മല പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ അടയ്ക്കാതെയാണ് വലതുകര കനാലിലൂടെ വെളളം ഒഴുക്കാനുള്ള തടയണയിലെ ഒരു ഷട്ടർ അറ്റകുറ്റ പണികൾക്കായി ഇളക്കി മാറ്റിയത്. ഇത് ക്രെയിൻ ഉപയോഗിച്ച് കൊണ്ടുപോകുന്നതിനിടെ മറിയുകയും ചെയ്തു.
തടയണയുടെ 20മീറ്റർ അകലെയുളള ഷെഡിലേക്ക് ഷട്ടർ മാറ്റുന്നതിനിടയിലാണ് ക്രെയിൻ മറിഞ്ഞത്. തടയണയിൽ നിന്ന് ഷട്ടർ ഇളക്കി മാറ്റിയതോടെ അഞ്ച് മീറ്റർ ഉയരത്തിൽ വരെ ശേഖരിച്ചിരുന്ന വെളളം കനാൽ വഴി ഒഴുകി പാഴായി. വേനൽക്കാല ജലവിതരണത്തിനായി തടയണയിൽ ശേഖരിച്ച വെളളമാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. കനാൽ വഴി വെള്ളം ഇരച്ചെത്തിയത് സമീപവാസികളെ ആശങ്കാകുലരാക്കിയിരുന്നു. പിന്നീട് അണക്കെട്ട് അടച്ച് വെളളം ഒഴുക്ക് തടഞ്ഞു.
ചോർച്ച അനുഭവപ്പെട്ട ഷട്ടറുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒരു വർഷമായി നടന്ന് വരുകയാണ്. ഇതിനിടെ ഇന്നലെ രാവിലെ 11 മണിയോടെ മുന്നറിയിപ്പില്ലാതെ ഷട്ടർ ഇളക്കി മാറ്റുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. സാധാരണ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ തെന്മല അണക്കെട്ടിൻെറ മൂന്ന് ഷട്ടറുകളും അടയ്ക്കുകയാണ് പതിവ്. എന്നാൽ ഇന്നലെ അണക്കെട്ടിന്റെ ഷട്ടറുകൾ അടയ്ക്കാതെ തടയണയുടെ ഷട്ടർ ഇളക്കി മാറ്റുകയായിരുന്നു. ഇത് കാരണം വലതുകര കനാലിലിലൂടെ ശക്തമായ വെള്ളപ്പാച്ചിലുണ്ടായി. അതേസമയം പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനിടെ ഷട്ടർ ഇളകി മാറുകയായിരുന്നെന്നാണ് അധികൃതർ പറയുന്നത്.