sajilal
സി.പി.ഐ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ പ്രചാരണ കാൽനട ജാഥയുടെ സമാപന സമ്മേളനം അമ്പലംകുന്നിൽ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ ഉദ്ഘാടനം ചെയ്യുന്നു..

കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി നൽകിയത് വ്യാജ വാഗ്ദാനങ്ങളാണെന്നും വാഗ്ദാന ലംഘനം ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞുവെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പറഞ്ഞു. 'മോദിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ" എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ പ്രചാരണ കാൽനട ജാഥയുടെ സമാപന സമ്മേളനം അമ്പലംകുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നൽകിയതെന്നും അത് മനപ്പൂർവമായിരുന്നെന്നും ഇപ്പോൾ ജനങ്ങൾ പഴയ വാഗ്ദാനങ്ങൾ ഓർമ്മിപ്പിക്കുമ്പോൾ ഞങ്ങൾ അതൊക്കെ ചിരിച്ചുതള്ളി മുന്നോട്ടു പോവുകയാണെന്നുമുള്ള മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തൽ ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. കള്ളപ്പണം പിടിച്ചെടുത്ത്15 ലക്ഷം രൂപ വീതം രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നൽകുമെന്നും രണ്ട് കോടി യുവജനങ്ങൾക്ക് പ്രതിവർഷം തൊഴിൽ നൽകുമെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വില പിടിച്ചു നിറുത്തുമെന്നും വാഗ്ദാനം നൽകിയ നരേന്ദ്ര മോദി നഗ്നമായ വാഗ്ദാന ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെ കടുത്ത പ്രതിഷേധം അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഉയർന്നുവരുമെന്നും സജിലാൽ പറഞ്ഞു.
വിഗ്രഹനാഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാ ക്യാപ്ടൻ എസ്. ബുഹാരി, ഡയറക്ടർ എസ്. അഷ്റഫ്, അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ള, ഹരി വി.നായർ, ഇ.എസ് രമാദേവി, എസ്. നൗഷാദ്, എം.എ. സത്താർ, അഡ്വ. എം.സി. ബിനുകുമാർ, ജെ.അനീഷ്, അമൃത്, വിക്രമൻ, റിയാസ് അമ്പലംകുന്ന്, ഷീജ നൗഷാദ് എന്നിവർ പ്രസംഗിച്ചു.