photo
അഞ്ചാലുംമൂട് മാർക്കറ്റ്

ഇതാണ് ഇവിടുത്തെ അവസ്ഥ

01. മാലിന്യസംസ്കരണം പാളി

02. പ്ലാന്റ് പണിമുടക്കിയിട്ട്: 8 വർഷം

03. പ്രവർത്തിച്ചത്: 2 വർഷം മാത്രം

04.കുടിവെള്ളം പഴയ കിണറിൽ നിന്ന്

05. മോട്ടോർ സ്ഥാപിച്ചിട്ടില്ല

06. കംഫർട്ട് സ്റ്റേഷനും അടച്ചിട്ട്

കൊല്ലം: ജില്ലയിലെ പ്രധാന കമ്പോളങ്ങളിലൊന്ന്. ദിവസവും എത്തുന്നത് നൂറുകണക്കിന് ജനങ്ങൾ. ഇങ്ങനെയൊക്കെ ആണെങ്കിലും അഞ്ചാലുംമൂട് മാർക്കറ്റിനോടുള്ള അധികൃതരുടെ പരിഗണനമാത്രം കാൽക്കാശിന് വിലയില്ലാത്തതാണ്. പ്രഖ്യാപനങ്ങൾ പലതുണ്ടായെങ്കിലും മാർക്കറ്റിന്റെ ദുരവസ്ഥയ്ക്ക് മാത്രം ഇനിയും മാറ്റമില്ല. അസൗകര്യങ്ങളുടെ കൂമ്പാരമാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്. ജില്ലയിലെ പ്രധാന മത്സ്യച്ചന്തകളിൽ ഒന്നാണ് അഞ്ചാലുംമൂട്ടിലേത്. രാവിലെ 7 മുതൽ 9.30 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും ഇവിടെ വലിയ തിരക്കാണ്.

തൃക്കടവൂർ ഗ്രാമപഞ്ചായത്ത് വകയായിരുന്ന ചന്ത ഉൾപ്പെടെയുള്ള പ്രദേശം പിന്നീട് കൊല്ലം കോർപ്പറേഷനിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഇതോടെ മാർക്കറ്രിൽ വലിയ വികസനം ഉണ്ടാകുമെന്നാണ് ഏവരും കണക്കുകൂട്ടിയത്. എന്നാൽ എല്ലാം പാഴായി. മാലിന്യ സംസ്കരണത്തിന് യാതൊരു സംവിധാനവും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. മത്സ്യ വില്പന കേന്ദ്രത്തിൽ നിന്നുള്ള ജലവും മാലിന്യവും തുറന്ന ഓടയിലൂടെ ചന്തയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കുഴിയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇത് നിറഞ്ഞ് കവിയുന്നത്. ഗുരുതര ആരോഗ്യപ്രശ്നമാണ് സൃഷ്ടിക്കുന്നത്.

മാലിന്യ സംസ്കരണത്തിനും വൈദ്യുതി ഉൽപ്പാദനത്തിനുമായി വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പ്ളാന്റ് പണിമുടക്കിയിട്ട് എട്ട് വർഷമായി. ശരിക്കും രണ്ട് വർഷം മാത്രമേ ഇത് പ്രവർത്തിച്ചുള്ളു. ചന്തയിലേക്ക് ആവശ്യമായ വെളിച്ചത്തിന് പുറമെ ടൗണിന്റെ പലഭാഗത്തുമായുള്ള 123 തെരുവ് വിളക്കുകൾക്കും ആവശ്യമായ വൈദ്യുതി പ്ളാന്റിൽ ഉത്പാദിപ്പിക്കുമായിരുന്നു. ഇതിന്റെ പ്രവർത്തനം നിലച്ചതോടെ എല്ലാം തകിടംമറിഞ്ഞു.

വെള്ളത്തിന്റെ കാര്യത്തിലും വലിയ ബുദ്ധിമുട്ടാണ്. പഴയ കിണറ്റിൽ നിന്നാണ് വെള്ളം എടുക്കുന്നത്. ഇതിൽ മോട്ടോർ ഘടിപ്പിച്ചിട്ടില്ല. പൈപ്പ് കണക്ഷൻ കൊടുക്കാത്തതിനാൽ നിർമ്മിച്ച കംഫർട്ട് സ്റ്റേഷനും അടച്ചിട്ടിരിക്കയാണ്. സാധനങ്ങൾ വാങ്ങാനും വിൽക്കാനുമെത്തുന്നവർ‌ക്ക് മഴയത്തും വെയിലത്തും കയറിനിൽക്കാനും യാതൊരു സംവിധാനവുമില്ല. പ്ളാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് പലരും കച്ചവടത്തിനിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച മഴവെള്ള സംഭരണിയും ഉപയോഗമില്ലാതായി. ചന്തയുടെ നല്ലൊരുപങ്ക് സ്ഥലമാണ് സംഭരണിക്ക് വേണ്ടി എടുക്കേണ്ടി വന്നത്. മത്സ്യ വിപണന കേന്ദ്രത്തിന് പിന്നിലായി പഴയ കെട്ടിടമുള്ളതും ഉപയോഗിക്കാതെ നശിക്കുകയാണ്.

എന്നാകും ഹൈടെക്?

അഞ്ചാലുംമൂട് മാർക്കറ്റിനെ ഹൈടെക് മാർക്കറ്റ് ആക്കുന്നതിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ തുടർ നടപടികളാകുന്നില്ല. കോർപ്പറേഷനും ചന്ത വികസനത്തിനായി പദ്ധതിയിൽ തുക നീക്കിവച്ചിരുന്നു.

ഹൈടെക് മാർക്കറ്റ് ആക്കും കോർപ്പറേഷൻ ശിപാർശ ചെയ്ത പ്രകാരമാണ് അഞ്ചാലുംമൂട് മാർക്കറ്റ് ഹൈടെക് ആക്കുവാൻ 1.43 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. മത്സ്യ വിപണനത്തിനും മറ്റുമായി കോൺക്രീറ്റ് കെട്ടിടം, മാലിന്യ പ്ളാന്റ്, കടമുറികൾ എന്നിവയാണ് പ്രധാനമായും നടപ്പാക്കുക. (എം.എസ്.ഗോപകുമാർ, കോർപ്പറേഷൻ കൗൺസിലർ)