photo
സലിമിന്റെ വാഴകൃഷിത്തോട്ടം.

കരുനാഗപ്പള്ളി​: അറി​യപ്പെടുന്ന ഗവൺ​മെന്റ് കോൺ​ട്രാക്ടറായ പടനായർകുളങ്ങര വടക്ക് ചക്കാലയിൽ സലിം കൃഷി​യി​ലും വി​ജയം കൊയ്ത് നാട്ടുകാർക്ക് മാതൃകയാവുന്നു. കരാർ പണി​കളി​ൽ നി​ന്ന് ഭാഗി​കമായി​ പി​ന്മാറി​യ സലിം ഇപ്പോൾ മുഴുവൻ സമയ കർഷകനാണ്. കരാർ രംഗത്തെ സമ്മർദ്ദവും മാനസി​ക സംഘർഷവുമൊക്കെയാണ് ഇദ്ദേഹത്തെ മനസി​നും ശരീരത്തി​നും ഒരുപോലെ കുളി​ർമ്മ നൽകുന്ന കാർഷി​ക വൃത്തി​യി​ലേക്ക് തി​രി​യാൻ പ്രേരി​പ്പി​ച്ചത്.
സ്വന്തമായുള്ള അഞ്ചേക്കർ സ്ഥലത്ത് വി​വി​ധ കൃഷി​കളാണ് സലിം നടത്തുന്നത്. ഇതി​ൽ പ്രധാനം ഏത്തവാഴയ്ക്കാണ്. ഇപ്പോൾ സലി​മി​ന്റെ തോട്ടത്തി​ൽ 1200 ഏത്തവാഴകൾ വിളവെടുപ്പിന് പാകമായി നിൽപ്പുണ്ട്. ഇതിൽ 600 എണ്ണവും നൂറ് കിലോയിലധികം തൂക്കമുള്ള കുല കിട്ടുന്ന ക്വിന്റൽ വാഴകളാണ്.
കരുനാഗപ്പള്ളി കൃഷിഭവനിൽ നിന്ന് സൗജന്യമായി നൽകിയ വാഴവിത്തുകൾ ഉപയോഗിച്ചാണ് കൃഷിക്ക് തുടക്കം കുറിച്ചത്. വാഴകൃഷിക്കൊപ്പം ചേമ്പ്, ചേന, ഇഞ്ചി, കപ്പക്ക തുടങ്ങിയ ഇടവിള കൃഷികളും ആരംഭിച്ചു. വീട്ട് വളപ്പിലെ കൃഷിത്തോട്ടത്തിൽ പച്ചക്കറി കൃഷിയും മത്സ്യകൃഷിയും പുരോഗമിക്കുന്നു. മത്സ്യത്തിന്റെ വിസർജ്യം ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ കുളത്തിലെ വെള്ളമാണ് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നത്. 10 മാസം മുമ്പാണ് കൃഷിക്ക് തുടക്കം കുറിച്ചത്. കൃഷി ഓഫീസർ ബിനീഷിന്റെ പ്രോത്സാഹനമാണ് കൃഷിയിലേക്ക് തിരിയാൻ സലിമിന് പ്രചോദനമായത്. രാവിലെ 6ന് കൃഷിയിടത്തിൽ എത്തുന്ന സലിം ഉച്ചയോടെയാവും വീട്ടിലേക്ക് പോവുക. വൈകിട്ട് 4 മണിയോടെ വീണ്ടും കൃഷിസ്ഥലത്തെത്തും. സലിമിനെ സഹായിക്കാൻ കർഷകതൊഴിലാളികളും ഉണ്ട്.
ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. നാടൻ പച്ചക്കറികളും ഏത്തക്കായും മിതമായ വിലയ്ക്ക് നാട്ടുകാർക്ക് വിൽക്കും. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് സലിമിനായിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.