photo
ഉച്ചയ്ക്ക് 12 മണിയ്ക്ക് കുണ്ടറ ആശുപത്രിമുക്കിലെ ഗതാഗത കുരുക്ക്.

കുണ്ടറ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ കുണ്ടറയിൽ ഗതാഗതം അഴിക്കുതോറും മുറുകുന്ന കുരുക്കാവുന്നു. പലപ്പോഴും മണിക്കൂറുകളോളമാണ് ഇത് നീണ്ടുനിൽക്കുന്നത്. ആറുമുറിക്കട മുതൽ ഇളമ്പള്ളൂർ വരെ മൂന്ന് കിലോമീറ്ററോളമാണ് ദൂരം. എന്നാൽ ഇത് കടക്കുന്നതിന് ഇപ്പോൾ 45 മിനിട്ടിലേറെ കാത്തിരിക്കണം. കഴിഞ്ഞദിവസം പബ്ളിക് സർവീസ് കമ്മിഷന്റെ പരീക്ഷയ്ക്കത്തിയവരാണ് ഗതാഗതക്കുരുക്കിൽ ഏറെ വലഞ്ഞത്.

പല ഉദ്യോഗാർത്ഥികളും പരീക്ഷാ കേന്ദ്രങ്ങളിലെത്താനാകാതെ കുഴങ്ങി. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞതോടെ റോഡിലൂടെ വാഹനങ്ങൾക്ക് മുന്നോട്ട് നീങ്ങാൻ പോലും സാധിക്കാതെ വന്നു. തുടർന്ന് പരീക്ഷക്കെത്തിയവരിൽ പലരും അശുപത്രിമുക്ക് മുതൽ ഇളമ്പള്ളൂർ വരെ നടന്നാണ് പോയത്.ഇത് ഒരു ദിവസത്തെ മാത്രം അവസ്ഥയല്ല. നാളുകളായി ദേശീയപാതയിലെ ഈ കുരുക്ക് ഇങ്ങനെ നീളുകയാണ്. എന്നാൽ ഈ അവസ്ഥ മറികടക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികൾ മാത്രം ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ദേശീയപാതയ്ക്ക് ഇരുവശവും ദിനംപ്രതി പൊട്ടിമുളയ്ക്കുന്ന വഴിയോര വാണിഭവും കൈയേറ്റങ്ങളുമാണ് പ്രശ്നത്തിനുള്ള പ്രധാന കാരണം. ഇവ ഒഴിപ്പിച്ചാൽ തന്നെ ഗതാഗതം ഒരു പരിധിവരെ സുഗമമാകും. കുണ്ടറയിൽ ഹൈവേക്ക് സമാന്തരമായി ഇരുവശത്തും ബൈ റോഡുകൾ ഉണ്ടെങ്കിലും ഇവയിൽ പലതും ഗതാഗത യോഗ്യമല്ല. ഇവ യുടെ പുനരുദ്ധാരണം വൈകുന്നതും പ്രശ്നപരിഹാരം വൈകിക്കുന്നു. ഓടകളുടെ അറ്റകുറ്റപ്പണികൾ നടത്താതിനാൽ കാൽനടയാത്രയും ഏറെ ബുദ്ധിമുട്ടിലാണ്. കുഴികളിൽ വീഴാതിരിക്കാൻ യാത്രക്കാരിലേറെയും റോഡിനെ ആശ്രയിക്കുന്നുണ്ട്. ഇതും ഗതാഗതത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ്.

കുണ്ടറയിലെ ഗതാഗതക്കുരുക്കിന്‌ അടിയന്തര പരിഹാരം കാണും. ദേശീയപാതയുടെ ഇരുവശങ്ങളിലും ഇന്റർലേക്ക് പാകുന്നത് സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തും.

അഡ്വ.ജൂലിയറ്റ് നെൽസൺ (ജില്ലാ പഞ്ചായത്തംഗം)