road
വെള്ളക്കെട്ടായ വടക്കേവിള വില്ലേജ് ഓഫീസ് മുതൽ എൻ.എസ് ജംഗ്‌ഷൻ റോഡ്

കൊട്ടിയം: കോർപ്പറേഷൻ പരിധിയിലുള്ള വിവിധ റോഡുകൾ തകർന്നത് ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കുന്നു. പള്ളിമുക്ക്, വെണ്ടർമുക്ക്, ഗോപാലശേരി, പുളിയത്ത് മുക്ക്, സഞ്ചാരിമുക്ക്, മണക്കാട്, പായിക്കുളം തുടങ്ങിയ സ്ഥലങ്ങളാണ് കുണ്ടും കുഴിയുമായി യാത്രക്കാരുടെ നടുവൊടിക്കുന്നത്. ഗോപാലശേരി ഗുരുമന്ദിരം ജംഗ്ഷൻ മുതൽ പള്ളിമുക്ക് വരെയുള്ള റോഡിൽ അഗാധഗർത്തങ്ങൾ രൂപപ്പെട്ടിട്ട് വർഷങ്ങളായി. സീനാസ് ജംഗ്ഷൻ മുതൽ വെണ്ടർമുക്ക് ജംഗ്ഷൻ വരെ എത്തുന്ന റോഡിനും ഇവിടെ നിന്ന് ഗോപാലശേരിക്ക് വരുന്ന റോഡിനും ഇനിയും ശാപമോക്ഷമില്ല. ശ്രീവിലാസം ലൈബ്രറിയിൽ നിന്നും ആരംഭിച്ച് കടകംപള്ളി വഴി സഞ്ചാരി മുക്കിൽ എത്തുന്ന ഇടറോഡും റോഡിന്റെ മദ്ധ്യഭാഗത്തുള്ള ഓടയും തകർന്നു. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴിയെല്ലാം കടന്നുപോകുന്നത്. ഇവരുടെയൊക്കെ നടുവൊടിയുന്നതില്ലാതെ നവീകരണം മാത്രം നടക്കുന്നില്ല.

ചിത്തിര വീ ടു ജംഗ്ഷനിൽ നിന്ന് കലാവേദി വായനശാലക്ക് സമീപം എത്തുന്ന ഇടറോഡും വർഷങ്ങളായി ഗതാഗത യോഗ്യമല്ല. മുപ്പരേഴത്ത് ജംഗ്ഷൻ മുതൽ മല്ലംതോടത്ത് കാവിലേക്ക് പോകുന്ന രാഘവൻ റോഡാകട്ടെ തോടിന് സമാനമായി. പായിക്കുളം തയ്ക്കാവ് മുക്ക്- കലുംങ്ക് ജംഗ്ഷൻ റോഡ്, പായിക്കുളം തയ്ക്കാവ്- ഷേയ്ക്കിന കബർസ്ഥാൻ റോഡ്, ഗുരുമന്ദിരം ജംഗ്ഷൻ- ആരതി ജംഗ്ഷൻ റോഡ്, വടക്കേവിള വില്ലേജ് ഓഫീസ് മുതൽ എൻ.എസ്. ജംഗ്‌ഷൻ വരെയുള്ള റോഡ് എന്നിവയെല്ലാം ഇതുപോലെ തകർന്ന് തരിപ്പണമായി. എന്നാൽ നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടി മാത്രം ഇനിയും നടപടിയില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും തങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നു.

അടിയന്തിര ശ്രദ്ധ പതിയണം
കൊല്ലം: കോർപ്പറേഷനിലെ പള്ളിമുക്ക് ഡിവിഷനിൽ അയത്തിൽ, വടക്കേവിള, ഗോപാലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ പല ഇടറോഡുകളും തകർന്ന അവസ്ഥയിലാണ്. ഇവയുടെ നവീകരണത്തിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തിരമായി പതിയണം.
എ.ഷണ്മധരൻ ( സെക്രട്ടറി വടക്കേവിള 5240 നമ്പർ എസ്.എൻ.ഡി.പി ശാഖ)

മലിനജലം നീക്കം ചെയ്യണം
വടക്കേവിള വില്ലേജ് ഓഫീസ് മുതൽ എൻ.എസ് ജംഗ്‌ഷൻ വരെയുള്ള റോഡ് തകർന്ന അവസ്ഥയിലാണ്. വേണ്ടത്ര ഓടകൾ സ്ഥാപിച്ച് ഇവിടെ കെട്ടിക്കടക്കുന്ന മലിനജലം നീക്കം ചെയ്യണം.
എൽ.സാജൻ,നെഹ്‌റു നഗർ വടക്കേവിള

ദുരിതാവസ്ഥയിൽ
ആയിരകണക്കിന് ജനങ്ങൾ റോഡിന്റെ ദുരിതാവസ്ഥയിൽ ബുദ്ധിമുട്ടുകയാണ്. രോഗികളെ കൊണ്ട് പോകാൻ ഓട്ടോറിക്ഷകൾ പോലും വരുന്നില്ല. മലിനജലം ഒഴുക്കിവിടാനും സംവിധാനമില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.
സി.വിജയൻ, ബിജു ഭവനം, എസ്.കെ.നഗർ, വടക്കേവിള