bjp
എൻ.ഡി.എയുടെ ശബരിമല സംരക്ഷണ ജാഥയ്ക്ക് ചാത്തന്നൂരിൽ നൽകി സ്വീകരണ സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ:ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുളള സമരത്തെ പരാജയപ്പെടുത്താൻ ഭൂരിപക്ഷ സമുദായത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്ന പിണറായി വിജയന്റെ മോഹം നടപ്പിലാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള നയിക്കുന്ന എൻ.ഡി.എയുടെ ശബരിമല സംരക്ഷണ റാലിക്ക് ചാത്തന്നൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിയെ മറികടക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ അത് ബോധ്യപ്പെടുത്താൻ തയ്യാറാകണം. വിശ്വാസി സമൂഹത്തിൽ നിന്നും സ്വന്തം പാർട്ടയിൽ നിന്നും ശക്തമായ തിരിച്ചടി സി.പി.എമ്മിന് ലഭിച്ച് തുടങ്ങി. ശ്രീമതി ടീച്ചറെ പോലുള്ള ആളുകൾ പണ്ട് പുരാണത്തിൽ ഉണ്ടായിട്ടുണ്ടെന്നും ആധുനിക രാവണനായ പിണറായി വിജയന്റെ നാശത്തിന് ഇവരെ പോലുള്ളവർ മതിയാകുമെന്നും കെ.സുരേന്ദ്രൻ പറ‌ഞ്ഞു.

ബി.ജെ.പി സംസ്ഥാന സമിതി അംഗവും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠൻ മാസ്റ്റർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, ശിവൻകുട്ടി, ജെ.ആർ. പത്മകുമാർ, രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥൻ, ഹരികുമാർ, രാജി പ്രസാദ്, ബി.ഐ. ശ്രീനാഗേഷ്, പരവൂർ സുനിൽ, എസ്.പ്രശാന്ത് എന്നിവർ സംസാരിച്ചു.