കൊല്ലം: അഞ്ചാലുംമൂട് മാർക്കറ്റിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ളക്സ് ഇപ്പോഴും അടഞ്ഞുതന്നെ, ചന്തയിലെത്തുന്നവർ പ്രാഥമികാവശ്യം നിറവേറ്റാൻ സംവിധാനമില്ലാതെ വലയുകയാണ്. പുലർച്ചെ മുതൽ ചന്ത പ്രവർത്തനം തുടങ്ങും. സ്ത്രീകൾ അടക്കമുള്ള വ്യാപാരികൾ കച്ചവടത്തിന് എത്തുന്നുണ്ട്. ഇവർക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ സംവിധാനമില്ലെന്ന പരാതിയെ തുടർന്നായിരുന്നു ടോയ്ലറ്റ് കോംപ്ളക്സ് നിർമ്മിച്ചത്. ചന്തയിലെത്തുന്നവർക്ക് പുറമെ അഞ്ചാലുംമൂട് ടൗണിലെത്തുന്നവർക്കുകൂടി ഇത് പ്രയോജനപ്പെടുമെന്നാണ് കരുതിയത്.
കക്കൂസുകളും മൂത്രപ്പുരകളുമടക്കം എട്ടെണ്ണമാണ് ഒരു മേൽക്കൂരയ്ക്ക് കീഴെ നിർമ്മിച്ചത്. വർഷങ്ങൾക്ക് മുൻപ് തന്നെ കോൺക്രീറ്റ് കെട്ടിടം ഇതിനായി ഒരുക്കി. പൊതുജനങ്ങൾക്ക് പേ ആൻഡ് യൂസ് ക്രമത്തിൽ ഉപയോഗിക്കാൻ നൽകാമെന്നും ധാരണയുണ്ടാക്കി. എന്നാൽ നാളിതുവരെ ഇത് പ്രവർത്തനം തുടങ്ങിയിട്ടില്ല. വെള്ളമില്ലാത്തതാണ് പ്രധാന തടസം. ചന്തയിൽ ഒരു കിണറുണ്ടെങ്കിലും ഇതിൽ സ്ഥാപിച്ചിരുന്ന മോട്ടോർ നേരത്തേ പണിമുടക്കി. അതുകൊണ്ടുതന്നെ പൈപ്പ് ലൈൻ സ്ഥാപിച്ച് ടോയ്ലറ്റിലേക്ക് വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല.
മോട്ടോർ പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായതുമില്ല. പി.കെ. ഗുരുദാസൻ എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി 2012ൽ ചന്തയിൽ വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആ കൂട്ടത്തിലാണ് ടോയ്ലറ്റ് കോംപ്ളക്സിനും പദ്ധതിയിട്ടത്. ഇത്രനാൾ പിന്നിട്ടിട്ടും ഇത് പ്രവർത്തിപ്പിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ചന്ത ഹൈടെക് ആക്കുവാൻ പദ്ധതിയുണ്ടെങ്കിലും അപ്പോഴും ടോയ്ലറ്റ് കോംപ്ളക്സ് പൊളിക്കേണ്ടതായി വരില്ല. ആ നിലയിൽ ഇത് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം തുടങ്ങുവാൻ അധികൃതർ തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം. ഇപ്പോൾ അടഞ്ഞുകിടക്കുന്ന ടോയ്ലറ്റുകളിൽ ഒന്നിൽ വളം ചാക്കുകളിലാക്കി സൂക്ഷിക്കുകയാണ്.