ചാത്തന്നൂർ: പൊലീസിനെ കണ്ട് ഭയന്ന് ഇത്തിക്കരയാറ്റിൽ ചാടിയ ആദിച്ചനല്ലൂർ പ്ലാക്കാട് സെറ്റിൽമെന്റ് കോളനി സുരേഷ് ഭവനിൽ ഗോപാലകൃഷ്ണന്റെ മകൻ അഖിലിന്റെ (23, സച്ചു) മൃതദേഹം കണ്ടെത്തി. പൊലീസും ഫയർഫോഴ്സും സ്കൂബ ടീമും നാട്ടുകാരും ചേർന്ന് രണ്ട് ദിവസമായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ കാഞ്ഞിരംകടവ് ഭാഗത്താണ് മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച അഖിൽ ഉൾപ്പെട്ട നാലംഗ സംഘം ഇത്തിക്കര പാലത്തിന് സമീപം ഇരിക്കുമ്പോൾ പൊലീസ് എത്തുകയും തുടർന്ന് നാലുപേരും ഇത്തിക്കരയാറ്റിൽ ചാടുകയുമായിരുന്നു. മറ്റ് മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. രാത്രിയാണ് അഖിലിനെ കാണാതായ വിവരം അറിയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: രമണി. സഹോദരങ്ങൾ: അരുൺ, അശ്വതി.