കടയ്ക്കൽ: അധികാരം ലഭിക്കില്ലെന്ന് കരുതിയാണ് കപട വാഗ്ദാനങ്ങൾ നൽകിയതെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തലുകൾക്ക് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥയുടെ സമാപന സമ്മേളനം കടയ്ക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്ക് ദുരിതം മാത്രം സമ്മാനിച്ച സർക്കാരിനെതിരെ ദിനംപ്രതി അഴിമതി ആരോപണങ്ങൾ ഉയരുകയാണ്. ശബരിമലയിലെ സുപ്രീ കോടതി വിധിയുടെ മറവിൽ സംസ്ഥാന ത്ത് കലാപം നടത്താനുളള സംയുക്ത നീക്കമാണ് കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും നടത്തുന്നത്. കേരളത്തിൽ ബി.ജെ.പി മുഖ്യശത്രുവായി കാണുന്നത് എൽ.ഡി.എഫിനെയാണ്. ഇടതുസർക്കാർ നടത്തിവരുന്ന ജനക്ഷേമ പ്രവർത്തനങ്ങളാണ് ഇതിന് കാരണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
കടയ്ക്കൽ ടാക്സി സ്റ്റാൻഡ് പരിസരത്ത് ചേർന്ന പൊതുസമ്മേളനത്തിൽ മണ്ഡലം സെക്രട്ടേറിയറ്റംഗം പി. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഡോ: ആർ. ലതാദേവി, ജാഥാ ക്യാപ്റ്റൻ അഡ്വ. സാം.കെ. ഡാനിയേൽ, ഡയറക്ടർ ജെ.സി. അനിൽ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. ബുഹാരി, ജനയുഗം ജനറൽ മാനേജർ സി.ആർ. ജോസ് പ്രകാശ്, മടത്തറ അനിൽ, ജി.എസ്. പ്രിജിലാൽ, വി. ബാബു, എ. നൗഷാദ്, ഡി. ലില്ലി, ടി.എസ്. നിധീഷ്, സുധിൻ കടയ്ക്കൽ, അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു. തിരുനല്ലൂർ പുരസ്കാരം നേടിയ കവി ഉമ്മന്നൂർ ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.
നാലാംദിവസത്തെ പര്യടനം മഞ്ഞപ്പാറയിൽ എസ്. ബുഹാരി ഉദ്ഘാടനം ചെയ്തു. വയ്യാനം, ചുണ്ട, കുറ്റിക്കാട്, വടക്കേവയൽ, കോട്ടപ്പുറം, ആൽത്തറമൂട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കടയ്ക്കൽ ടൗണിലെത്തിയ ജാഥയിൽ നൂറു കണക്കിന് ആളുകൾ അണിചേർന്നു.