കൊല്ലം: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വെളിച്ചമാകാൻ 'നിലാവ്' കൂട്ടായ്മയുമായി എൻജിനിയറിംഗ് വിദ്യാർത്ഥികൾ. പിറന്നിട്ട് മൂന്നാഴ്ച മാത്രം പ്രായമായ കൂട്ടായ്‌മ കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനികളായ സുജിന, ധന്യ എന്നിവരുടെ ബുദ്ധിയിലുദിച്ച ആശയമാണ്. അർഹതപ്പെട്ട അവകാശങ്ങൾ അജ്ഞത മൂലം നഷ്‌ടപ്പെട്ട ഭിന്നശേഷിക്കാരാണ് നിലാവിന്റെ പിറവിക്ക് വഴിതെളിച്ചത്.
സംസ്ഥാനത്തെ ഹൈസ്‌കൂൾതലം മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്കൊപ്പം മറ്ര് ഭിന്നശേഷിക്കാരായ യുവാക്കളെയും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. നിലാവിന്റെ വെബ്സൈറ്ര് അണിയറയിൽ പുരോഗമിക്കുന്നു. തത്ക്കാലം കൂട്ടായ്‌മയുടെ ഫേസ് ബുക്ക് പേജ് വഴിയുള്ള പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ, ജോലി സാദ്ധ്യതകൾ, പ്രമുഖർ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസുകൾ, തൊഴിൽ പരിശീലനം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാൻ ബോധവത്കരണ പരിപാടികൾ, പരിശീലനം, ഒത്തുചേരലുകൾ എന്നിവയും സംഘടിപ്പിക്കും. നിലാവ് വെബ്‌സെറ്റിനൊപ്പം ബ്ലോഗും പ്രവർത്തനം ആരംഭിക്കും. പലകാരണങ്ങളാൽ സാധാരണക്കാർക്കൊപ്പം എത്തിച്ചേരാൻ കഴിയാത്ത നിരവധി പേർ സമൂഹത്തിലുണ്ട്. അവർക്കെല്ലാം കൂട്ടായ്‌മയിലൂടെ മികച്ച സേവനം എത്തിക്കുകയാണ് ഇപ്പോൾ പത്തംഗങ്ങളുള്ള കൂട്ടായ്‌മയുടെ ലക്ഷ്യം.
ആദ്യപടിയായി കേരളത്തിലെയും ദേശീയതലത്തിലെയും ഭിന്നശേഷിക്കാർക്കായുള്ള അവസരങ്ങൾ, സ്‌കോളർഷിപ്പുകൾ, വിദ്യാഭ്യാസ സാദ്ധ്യതകൾ തുടങ്ങിയവ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കും. തുടർന്ന് വിദേശരാജ്യങ്ങളിലെ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂട്ടായ്‌മ നേരിടുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിലാണ് ഈ ചെറുസംഘം.
ടി.കെ.എമ്മിലെ തന്നെ വിദ്യാർത്ഥികളായ ആദർശ്, അമൃത, അർജ്ജുൻ, അരുന്ധതി, ഇർഫാൻ, നിയാസ്, മനു, ശ്വേത എന്നിവരാണ് കൂട്ടായ്‌മയിലെ മറ്റ് അംഗങ്ങൾ. കോളേജിലെ അദ്ധ്യാപകരും രക്ഷാകർത്താക്കളുമാണ് ഇവരുടെ ശക്തി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകിയാണ് നിലാവിന്റെ ലോഗോ പ്രകാശനം നിർവഹിച്ചത്.