ups-kulathupuzha
പരാതീനതയുടെ നടുവി വീര്‍പ്പ് മുട്ടുന്ന കുളത്തൂപ്പുഴ സര്‍ക്കാര്‍ സ്കൂള്‍

കുളത്തൂപ്പുഴ: പണ്ട് ഒരു വെള്ളപ്പൊക്കത്തിൽ മുങ്ങിത്താഴ്ന്നതാണ് കുളത്തൂപ്പുഴ ഗവൺമെൻറ് യു.പി.സ്കൂൾ . അതോടെ തുടങ്ങി തകർച്ച. ജീർണ്ണിച്ച കെട്ടിടങ്ങളിലാണ് ഇപ്പോഴും സ്കൂളിന്റെ പ്രവർത്തനം. 1992ലെ വെള്ളപ്പൊക്കത്തിലാണ് സ്കൂൾ പൂർണമായും വെള്ളത്തിനടിയിലായത്. ബലക്ഷയം ഉണ്ടാകുമെന്ന് അന്നേ സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് ഇതുവരെ കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

എൽ.കെ.ജി മുതൽ എഴാം ക്ലാസുവരെ നിരവധി ഡിവിഷനുകളിലായി എഴുന്നൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കാലപ്പഴക്കം ചെന്ന ഇരുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ ഇളകി ചോർന്നൊലിച്ചതിനെ തുടർന്ന് ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണിനടത്തി. മേൽക്കൂര ഷീറ്റ് പാകി ചോർച്ച മാറ്റാനായിരുന്നു ശ്രമം. പക്ഷേ, നിർമ്മാണത്തിലെ അപാകത മൂലം കെട്ടിടം വീണ്ടും തകർച്ചയിലായി. വിശാലമായ കളിസ്ഥലത്ത് നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഒന്നിൽ പോലും നേരാംവണ്ണം കാറ്റുംവെളിച്ചവും കടക്കില്ല. . ഒാടുമേഞ്ഞ കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നും സാമൂഹ്യ വിരുദ്ധർ എറിഞ്ഞുടച്ചും തകർന്നതിനാൽ ചോർന്നൊലിക്കുകയാണ്. ഇതുമൂലം മഴക്കാലത്ത് കുട്ടികളെ മറ്റ് മുറികളിലേക്ക് മാറ്റും. വർഷാവർഷം അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങൾ പാഴാവുന്നതല്ലാതെ ശരിയായ മേൽനോട്ടവും നിർമ്മാണവും നടക്കുന്നില്ല. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന അദ്ധ്യാപകർക്ക് താമസിക്കുന്നതിനായി മുമ്പ് നിർമ്മിച്ചിരുന്ന ക്വോർട്ടേഴ്സ് പൂർണമായി തകർച്ചയിലാണ്. അതിനാൽത്തന്നെ വിറക് പുരയായിട്ടാണ് ഇത് ഇപ്പോൾ ഉപയോഗിക്കുന്നത്. കക്കൂസുകളും മൂത്രപ്പുരകളുമുണ്ടെങ്കിലും എല്ലാം വൃത്തിഹീനമാണ്.

കുടിവെളളത്തിന്റെ കാര്യമാണ് എറെ കഷ്ടം. ജലവിതരണ പൈപ്പുകൾ എല്ലാം സാമൂഹ്യ വിരുദ്ധർ തല്ലിത്തർത്ത് നാശമാക്കി. ഇപ്പോൾ സമീപ കിണറുകളിൽ നിന്ന് തലയിൽ ചുമന്നാണ് വെളളം ശേഖരിക്കുന്നത്. ജലനിധി പദ്ധതി മാതൃകായൂണിറ്റായി നിർമ്മിച്ച മഴവെളള സംഭരണി ഉപയോഗശൂന്യമായ നിലയിലാണ്. എല്ലാ ക്ലാസ് മുറികളിലും ആവശ്യാനുസരണം ബഞ്ചും ഡെസ്കുളും ഇല്ല. ഉളളതിൽ പലതും കാലൊടിഞ്ഞും മറ്റും ഉപയോഗശൂന്യമാണ്.. സ്കൂൾ പരിസരം യഥാസമയം വൃത്തിയാക്കാത്തതിനാൽ കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. സ്കൂളിന്റെ ചുറ്റുമതിൽ പലഭാഗത്തും തകർന്നു കിടക്കുകയാണ്.

--------​​​​​

1992ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ പൂർണമായും വെള്ളത്തിലായതാണ് ബലക്ഷയത്തിന് കാരണം