fishing-boat-
നിരോധിത മാർഗത്തിലൂടെ മത്സ്യബന്ധനം നടത്തിയതിന് പിടിച്ചെടുത്ത വള്ളം

കൊല്ലം: തങ്കശേരിയിൽ നിരോധിത മാർഗത്തിലൂടെ മത്സ്യബന്ധനം നടത്തിയ വള്ളം മറൈൻ എൻഫോഴ്സ്‌മെ‌ന്റ് പിടിച്ചെടുത്തു. മത്സ്യബന്ധനത്തിനുപയോഗിക്കരുതെന്ന് നിർദ്ദേശമുള്ള ഗ്രാഞ്ഞിലി ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 9നാണ് ഇമ്മാനുവൽ എന്ന വള്ളം പിടികൂടിയത്. ജോനകപ്പുറം സ്വദേശി ആൽബിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കേരള മറൈൻ ഫിഷിംഗ് റഗുലേറ്റിംഗ് ആക്ട് പ്രകാരം ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ഫിഷറീസ് അസി.ഡയറക്ടർ എസ്.ആർ.രമേഷ് ശശിധരൻ, മറൈൻ എൻഫോഴ്സ്‌മെന്റ് എസ്.ഐ എ.എസ്.സുമേഷ്, സീനിയർ സി.പി.ഒ മനു, സി.പി.ഒ അനീഷ്‌കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. നിരോധിത മാർഗത്തിലൂടെ മത്സ്യബന്ധനം നടത്തുന്നത് മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്നതിനാൽ പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് അസി.ഡയറക്ടർ എസ്.ആർ.രമേഷ് ശശിധരൻ അറിയിച്ചു.