ചാത്തന്നൂർ :ചിറക്കര ഗ്രാമപഞ്ചായത്ത് ഭൂരഹിത ഭവന രഹിതരായവർക്ക് വേണ്ടി 'ഒരു തുണ്ട് ഭൂമിയും ഒരു കൊച്ചു വീടും" പദ്ധതിക്ക് തുടക്കമായി. ഒരു വാർഡിൽ നിന്ന് ജനറൽ, പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ള ഓരോ കുടുംബത്തിനും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഓരാൾക്കുമാണ് വസ്തു നൽകുന്നത്.
നറുക്കെടുപ്പിലൂടെ ഇതിനകം 27 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു. ഓരോരുത്തർക്കും നാല് സെന്റ് ഭൂമി വീതമാണ് നൽകുന്നത്. പാണിയിൽ യുവധാര ക്ലബിന് സമീപത്തെ ഒരേക്കർ 60 സെന്റ് സ്ഥലമാണ് ഭവനരഹിതർക്കായി നൽകുന്നത്. ചിറക്കര പഞ്ചായത്ത് രൂപവത്ക്കരിക്കുന്നതിന് മുമ്പ് ചാത്തന്നൂർ പഞ്ചായത്ത് 1995 ൽ വിലയ്ക്ക് വാങ്ങിയ ഈ വസ്തു കാട്കയറി കിടക്കുകയായിരുന്നു. വസ്തു ഇപ്പോൾ ചിറക്കര പഞ്ചായത്തിന്റെ അധീനതയിലാണ്. വസ്തു വൃത്തിയാക്കി അപേക്ഷകരുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുപ്പിലൂടെയാണ് ഭൂമി അനുവദിച്ചത്. ആധാരം രജിസ്റ്റർ ചെയ്യുന്നതിനുളള തുക ഗുണഭോക്താക്കൾ നൽകണം. വസ്തുവിൽ നിന്ന് അഞ്ച് സെന്റ് മാതൃകാ അംഗൻവാടിക്ക് പഞ്ചായത്ത് നേരത്തെ അനുവദിച്ചിരുന്നു. അംഗൻവാടി പ്രവർത്തനം നടന്നുവരികയാണ്.
ഓരോ വീട്ടിലുമെത്താൻ വാഹനങ്ങൾക്ക് കടന്നു പോകാവുന്ന തരത്തിൽ റോഡിനും സ്ഥലമുണ്ട്. പൊതുകിണറും വാട്ടർ ടാങ്കും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പാർക്കും പഞ്ചായത്ത് നിർമ്മിക്കും. നിർമ്മിക്കും. അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി കൊടുക്കും. മുഴുവൻ ഗുണഭോക്താക്കളെയും ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതർ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രേമചന്ദ്രനാശാൻ, വൈസ് പ്രസിഡന്റ് സി. സുശീലാദേവി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗ്രാമപഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി അനിലകുമാരി, രാഷ്ടീയ - സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.
ഷീബ, ഉഷാകുമാരി, ശിവദാസൻ / ലീല, പത്മാക്ഷി, എം.ആർ.ചന്ദ്രിക, ആർ. സുധർമ്മ,, എ.അഭിലാഷ്, നാഗമ്മ, വിജയകുമാരി, കനകലത, സജീഷ് കുമാർ, മഞ്ജു, ഉഷ, സുശീല, അശ്വതി, അജയൻ, ചന്ദ്രൻ, ലേഖ, ദിനേശൻ, ലിസി, ആനന്ദ് സാഗർ, സരസ്വതി, ലീല, ബിന്ദു.എസ്, ദിവ്യ, സുമിത്ര എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ