sabarimala1
ശബരിമല വിശ്വാസ സംരക്ഷണത്തിനായി അയ്യപ്പ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന നാമജപയാത്ര

കൊല്ലം: അയ്യപ്പമന്ത്രങ്ങളാൽ നഗരത്തെ ഭക്തിസാന്ദ്രമാക്കി ശബരിമല മുൻമേൽശാന്തി എൻ. ബാലമുരളിയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തജന സമിതി നാമജപഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും യാത്രയിൽ അണിനിരന്നു.
ശരണമന്ത്രങ്ങൾ മുഴക്കി സ്ത്രീകളടക്കം ആയിരങ്ങൾ നാമജപയാത്രയിൽ അണിനിരന്നു. പാതയോരങ്ങളിൽ നിന്ന് യാത്ര വീക്ഷിച്ചവരും അയ്യപ്പനാമജപങ്ങളാൽ പിന്തുണയറിയിച്ചു. ആശ്രാമം മൈതാനത്ത് നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു.
തുടർന്ന് ചേർന്ന സമ്മേളനം അയ്യപ്പ സേവാസംഘം അഖിലേന്ത്യാ സെക്രട്ടറി പി.കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ സംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെന്ന് പി.കെ. വിശ്വനാഥൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലമാണ് വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഈ വിധിയിലേക്ക് നയിച്ചത്. വിശ്വാസികളെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തെ ശരണ മന്ത്രങ്ങൾ കൊണ്ട് ജനങ്ങൾ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ, കാനാ അഭിലാഷ്, സി.കെ.ചന്ദ്രബാബു, ഷൈലജ, ജെ.ശിവാനന്ദൻ, നാരായണ സ്വാമി തുടങ്ങിയവർ സംസാരിച്ചു.