photo
അഞ്ചാലുംമൂട് മാർക്കറ്റിലെ മാലിന്യ സംസ്കരണ പ്ളാന്റ്

കൊല്ലം: അഞ്ചാലുംമൂട് മാർക്കറ്റിലെ മാലിന്യ സംസ്കരണ പ്ളാന്റിന് അറ്റകുറ്റപ്പണികൾ തുടങ്ങി. കേടുപാടുകൾ തീർത്താൽ പഴയ നിലയിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആറ് വർഷമായി ഉപയോഗ ശൂന്യമായിരിക്കയാണ് പ്ളാന്റ്. വിഷയത്തിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീരിച്ചതിന് പിന്നാലെയാണ് അധികൃതർ ഉണർന്നത്.

ചന്ത തൃക്കടവൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ ആയിരുന്നപ്പോഴാണ് ലക്ഷങ്ങൾ മുടക്കി ബയോടെകിന്റെ പ്ളാന്റ് ഇവിടെ സ്ഥാപിച്ചത്. പ്രതിദിനം 200 കിലോ മാലിന്യം സംസ്കരിച്ചിരുന്ന പ്ളാന്റിന് രണ്ട് വർഷം മാത്രമായിരുന്നു ആയുസ്. മാലിന്യം സംസ്കരിക്കുന്നതിനൊപ്പം വൈദ്യുതി ഉത്പാദിപ്പിക്കാനും ശേഷിയുള്ള പ്ളാന്റ് പ്രവർത്തിച്ചിരുന്നപ്പോൾ ചന്തയ്ക്കുള്ളിലേക്ക് ആവശ്യമായ വൈദ്യുതി ഇതിൽ നിന്നാണ് ലഭിച്ചിരുന്നത്. ടൗണിലെ 123 തെരുവ് വിളക്കുകൾ പ്രകാശിക്കാനുള്ള വൈദ്യുതിയും ലഭിച്ചിരുന്നു. എന്നാൽ പ്ളാന്റ് പണിമുടക്കിയതോടെ ഇവയെല്ലാം താറുമാറായി.

മാലിന്യം സംസ്കരിക്കാനും സംവിധാനമില്ലാതെയായി. കൊല്ലം കോർപ്പറേഷൻ ചന്തയും അനുബന്ധ സ്ഥലവും ഏറ്റെടുത്തപ്പോൾ വലിയ വികസനം പ്രതീക്ഷിച്ചെങ്കിലും നാളിതുവരെ ഒരുഗുണവും ലഭിച്ചില്ല. ചന്തയുടെ ദുരിതാവസ്ഥയും പ്ളാന്റ് തകരാറിലായതുമൊക്കെ വിവരിച്ച് 'അഞ്ചാലുംമൂട് മാർക്കറ്റിൽ ദുരിതങ്ങൾ ഒഴിയുന്നില്ല' എന്ന തലക്കെട്ടോടെയാണ് ശനിയാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. ഇന്നലെ തുടർവാർത്തയും പ്രസിദ്ധീകരിച്ചതോടെയാണ് കോർപ്പറേഷൻ കൗൺസിലർ എം.എസ്. ഗോപകുമാർ മുൻകൈയെടുത്ത് പ്ളാന്റ് അറ്റകുറ്റപ്പണി നടത്താൻ തയ്യാറായത്. തകരാർ പരിഹരിച്ച് പ്ളാന്റ് പ്രവർ‌ത്തനം തുടങ്ങിയാൽ മാലിന്യ പ്രശ്നത്തിന് വലിയ തോതിൽ പരിഹാരമാകും. കിഫ്ബിയിൽ നിന്നും അനുവദിച്ച 1.43 കോടി രൂപയുടെ വികസന പ്രവർത്തനം ചന്തയിലെത്തുമ്പോൾ പുതിയ പ്ളാന്റ് നിർമ്മിക്കാനാണ് തീരുമാനം.