photo
മോഷ്ടാക്കൾ കതക് കുത്തി പൊളിച്ച നിലയിൽ.

കുണ്ടറ: ഇളമ്പള്ളൂർ പൊലീസ് സ്റ്റേഷന് തൊട്ടരികിൽ നടന്ന മോഷണത്തിൽ സ്വർണവും പണവും നഷ്ടമായി. കേരളപുരം സമാന്തര റോഡിൽ തെങ്ങുവിള വീട്ടിൽ അസീസിന്റെ സ്വർണവും പണവുമാണ് കവർന്നത്. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ പത്ത് പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കൊണ്ടുപോയി. അസീസ്, ഭാര്യ നാദിറ, ഇളയമകൻ ഹാഷീം, ഭാര്യ ഫാത്തിമ എന്നിവരാണ് വീട്ടിലുള്ളത്. ശനിയാഴ്ച അബ്ദുള്‍ അസീസിന് വീണ് പരിക്കേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രിയോടെ ഹാഷിമും ഫാത്തിമയും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി വീട് പൂട്ടിയശേഷം ഫാത്തിമയുടെ വീട്ടിലേക്ക് പോയി. നാദിറ അസീസിനൊപ്പം ആശുപത്രിയിൽ കഴിഞ്ഞു. തിങ്കളാഴ്ച രാവിലെ അയൽക്കാരാണ് വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. ആശുപത്രിയിലായിരുന്നവർ തിരിച്ചെത്തിയെന്ന് കരുതി വിവരങ്ങൾ അന്വേഷിക്കാനായി എത്തിയവരാണ് വാതിൽ വെട്ടിപ്പൊളിച്ചത് കണ്ടെത്തിയത്. ഞായറാഴ്ചയോ തിങ്കളാഴ്ച വെളുപ്പിനോ ആണ് മോഷണം നടന്നതായി സംശയിക്കുന്നത്. കുണ്ടറ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഗേറ്റ് പൂട്ടിയിട്ടിരുന്ന വീടിന്റെ പിൻഭാഗത്തിരുന്ന കുന്താലിയാണ് കതക് പൊളിക്കാനുപയോഗിച്ചത്.