പത്തനാപുരം: ചോദിക്കാനും പറയാനും ആരുമില്ല. ഇതോടെ മദ്യപരുടെ അഴിഞ്ഞാട്ടം മൂലം ഒരു നാട് പൊറുതിമുട്ടുകയാണ്. പൊലീസിനോടും എക്സൈസിനോടും പരാതി പറഞ്ഞു മടുത്തിരിക്കുകയാണ് കമുകുംചേരി നിവാസികൾ.
പിറവന്തൂർ , തലവൂർ പഞ്ചായത്തുകളിലായി കമുകുംചേരി പ്രദേശങ്ങളിൽ വരിക്കോലിക്കൽ. സ്കൂൾ ജംഗ്ഷൻ.പാവുമ്പ. കുറിങ്ങോട്ട്. അരുവിത്തറ തുടങ്ങിയ ഭാഗങ്ങളാണ് മദ്യപരുടെയും ചാരായ വില്പനക്കാരുടെയും കേന്ദ്രം. മദ്യപിച്ച ശേഷം സംഘങ്ങളായി കവലകളിലെത്തി വാക്കുതർക്കവും അസഭ്യം വിളിയും അടിപിടിയും പതിവാണ്.സ്ത്രീകൾക്കോ കുട്ടികൾക്കോ വിടിനു വെളിയിലിറങ്ങാനോ വഴി നടക്കാനോ കഴിയാത്ത സ്ഥിതിയാണ്. പലപ്പോഴും അടിപിടി കത്തിക്കുത്തിലും പൊലീസ് കേസിലും കലാശിക്കാറുണ്ട്. ആരാധനാലയങ്ങളുടെ സമീപത്തുപോലും മദ്യപശല്യം രൂക്ഷമാണ്. പത്തനാപുരം. പനംപറ്റ തുടങ്ങിയ ബിവറേജ് ഔട്ട് ലെറ്റുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കുള്ള മദ്യം എത്തിച്ച് ആവശ്യക്കാർക്ക് ചില്ലറ വ്യാപാരവും ഒഴിച്ച് വില്പനയും നടത്തുന്നുണ്ട്. കൂടാതെ വ്യാജ അരിഷ്ടവും സുലഭമാണ്. മദ്യപിച്ച ശേഷം കുപ്പികളും ഗ്ലാസുകളും വീട്ട്മുറ്റങ്ങളിലും പാതയോരങ്ങളിലും വലിച്ചെറിയുന്നതും പതിവാണ്. മദ്യവില്പനക്കാർക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരായി പൊലിസിൽ പരാതി നൽകുന്നവർക്കെതിരെ സംഘം ചേർന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ പരാതിപ്പെടാനും ജനം ഭയക്കുന്നു.. പൊലീസും എക്സൈസും അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
--------
പ്രദേശത്തെ ക്രമസമാധാനം ഇല്ലാതാക്കുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം
ബിനു സുരേന്ദ്രൻ എസ്.എൻ.ഡി.പി യോഗം യുണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി.
------
പ്രദേശത്തെ മദ്യപസംഘത്തിന്റെ ശല്യവും വ്യാജമദ്യവില്പനയും അധികൃതർ കണ്ടില്ലന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണ്.
എസ്.അഖിൽ പൊതു പ്രവൃത്തകൻ.
-------
ചാരായവാറ്റ് വ്യാപകം
ബിവറേജ് ഔട്ട് ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി ഇരട്ടിവിലയ്ക്ക് ഒഴിച്ചുവില്പന നടത്തുന്ന സംഘങ്ങൾ
പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തുന്നു.