കരുനാഗപ്പള്ളി : ജില്ലാ പഞ്ചായത്തിന്റെ വിനോദ സഞ്ചാര തണ്ണീർ പന്തൽ പദ്ധതി അഴീക്കൽ ബീച്ചിൽ തുടങ്ങി. ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിർവഹിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സെലീന, വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി സാഗർ തുടങ്ങിയവർ പങ്കെടുത്തു.. തുറമുഖ വകുപ്പ് ആലപ്പുഴ ഓഫീസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലമാണ് പദ്ധതിക്കായി വിട്ടുനൽകിയത്. .അഴീക്കൽ ബീച്ചിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് സഹായമൊരുക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോഫി സ്റ്റാൾ, എ ടി എം കൗണ്ടർ, ടോയ്ലറ്റ്, മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിംഗ് സെന്റർ തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. 20ലക്ഷം രൂപയാണ്പദ്ധതിക്കായി മാറ്റിവച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി പറഞ്ഞു. ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല. മൂന്നു മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ജില്ലയിലെ നാല് ടൂറിസം മേഖലകളിൽ കൂടി "ടേക് എ ബ്രേക്ക് " മാതൃകയിൽ പദ്ധതി നടപ്പാക്കുന്നതിനായി ഒരു കോടി രൂപയാണ് വകകൊള്ളിച്ചിരിക്കുന്നത്. കൊല്ലം ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന അഴീക്കൽ ബീച്ചിലേക്ക് നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ദിനം പ്രതി എത്തുന്നത്. എന്നാൽ ബീച്ചിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ടൂറിസ്റ്റുകളെ പ്രതികൂലമായി ബാധിച്ചിരുന്നു. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
-------
ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് സഹായമൊരുക്കുക ലക്ഷ്യം
കോഫി സ്റ്റാൾ, എ.ടി.എം കൗണ്ടർ, ടോയ്ലറ്റ്, ഫീഡിംഗ് സെന്റർ തുടങ്ങിയവ ഒരുക്കും