കൊല്ലം: ആചാരം ലംഘിച്ച് ശബരിമലയിൽ പോകുന്ന യുവതികൾക്കെതിരെ വിവാദ പ്രസംഗം നടത്തിയ നടൻ കൊല്ലം തുളസി വനിതാ കമ്മിഷൻ മുമ്പാകെ ഹാജരായി മാപ്പപേക്ഷ നൽകി. സ്ത്രീകളെ അധിക്ഷേപിച്ചതിന് തുളസിക്കെതിരെ സ്വമേധയാ കേസെടുത്ത കമ്മിഷൻ 23ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ കമ്മിഷൻ ആസ്ഥാനത്ത് ഫോണിൽ ബന്ധപ്പെട്ട തുളസി, ചികിത്സയ്‌ക്കായി ദൂരയാത്ര പോകേണ്ടതിനാൽ 23ന് എത്താനാകില്ലെന്നും ഇന്നലെ ഹാജരാകാമെന്നും അറിയിച്ചു. അനുമതി ലഭിച്ചതോടെ കമ്മിഷൻ ആസ്ഥാനത്തെത്തി എഴുതി തയ്യാറാക്കിയ മാപ്പപേക്ഷ കമ്മിഷനംഗം ഷാഹിദ കമാലിന് കൈമാറി.
സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണെന്നും വിവാദപ്രസംഗത്തിൽ അവരെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തുളസി മാപ്പപേക്ഷയിൽ പറഞ്ഞു. അയ്യപ്പ ഭക്തനായ താൻ അപ്പോഴത്തെ ആവേശത്തിൽ പ്രസംഗിച്ചുപോയതാണ്. താനൊരു പൊതുപ്രവർത്തകനാണ്. അതിനാൽ പൊതുസമൂഹത്തോടും കമ്മിഷനോടും നിരുപാധികം മാപ്പ് ചോദിക്കുന്നു - അപേക്ഷയിൽ അദ്ദേഹം പറഞ്ഞു.
തുളസി തെറ്റ് മനസിലാക്കി നിരുപാധികം മാപ്പപേക്ഷിച്ചതായി വനിതാ കമ്മിഷനംഗം ഷാഹിദ കമാൽ പറഞ്ഞു. അപേക്ഷ കമ്മിഷൻ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു. 12ന് ചവറയിൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ നടന്ന ശബരിമലസംരക്ഷണ യാത്രയുടെ സ്വീകരണ സമ്മേളനത്തിലാണ് തുളസി വിവാദ പ്രസംഗം നടത്തിയത്.
അതേസമയം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ ചവറ പൊലീസ് തുളസിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. എന്നാൽ പൊലീസ് തന്നെ ബന്ധപ്പെടുകയോ കേസ് സംബന്ധിച്ച വിവരങ്ങൾ അറിയിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് കൊല്ലം തുളസി പറയുന്നത്.