കൊട്ടിയം: നാലാം ക്ലാസുകാരായ കുരുന്നുകളുടെ ജ്യൂസ് നിർമ്മാണം കൗതുകമായി. ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി തട്ടാമല ഇരവിപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളാണ് വിവിധതരം പഴങ്ങൾ ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കിയത്.
വിഷരഹിത ജ്യൂസുകൾ തയ്യാറാക്കുന്ന വിധം അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും മറ്റ് കുട്ടികൾക്കും പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു ലക്ഷ്യം. മായം ചേർന്ന ജ്യൂസ് തിരിച്ചറിയാനുള്ള വഴിയും കുട്ടികൾ വിവരിച്ചു.
തേൻ പാൽ ഷേയ്ക്ക്, മുന്തിരി, മാതളം, ആപ്പിൾ, വെള്ളരി, കരിക്ക്, ഈന്തപ്പഴം തുടങ്ങി 22 ഇനം ജ്യൂസുകളാണ് കുട്ടികൾ തയ്യാറാക്കിയത്. അദ്ധ്യാപിക ദീപ്തി കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി. ഹെഡ്മാസ്റ്റർ ശശികുമാർ, പി.ടി.എ പ്രസിഡന്റ് ഷെരീഫ് കുട്ടി, മുതിർന്ന അദ്ധ്യാപകൻ നാസറുദ്ദീൻ, താഹാക്കുട്ടി, അദ്ധ്യാപികമാരായ അമ്പിളി, ധന്യ തുടങ്ങിയവർ പങ്കെടുത്തു.