കുന്നത്തൂർ:ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ വിവാദമായ സ്വർണക്കൊടിമരത്തിൽ നിന്ന് വിജിലൻസ് അന്വേഷണത്തിനായി സാമ്പിൾ ശേഖരിക്കാമെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞു.കൊടിമരം ക്ലാവ് പിടിച്ച സംഭവത്തെ തുടർന്നാണ് കോടതി നിർദേശത്തെ തുടർന്ന് ദേവപ്രശ്നം നടത്തിയത്.ദേവസ്വം ബോർഡും ഭക്തരും ചേർന്ന് 1.67 കോടി രൂപ ചെലവിലാണ് സ്വർണക്കൊടിമരം സ്ഥാപിച്ചത്.എന്നാൽ ആഴ്ചകൾക്കുള്ളിൽ നിറം മാറി ക്ലാവ് പിടിച്ചനിലയിലായിരുന്നു കൊടിമരം. സ്വർണത്തിൽ മെർക്കുറിയുടെ അളവ് കൂടിയത് മൂലമാണ് നിറം മാറിയതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ വിശദീകരണം.ഇത് വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.തുടർന്ന് ഭക്തജന സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.പിന്നീട് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസ് വിജിലൻസിന് കൈമാറിയത്.. കോടതി നിർദേശ പ്രകാരം വിദഗ്ദ്ധ പരിശോധനകൾക്കായി കൊടിമരത്തിലെ പറകളിൽ നിന്ന് സാമ്പിൾ ശേഖരിക്കാൻ വിജിലൻസ് എത്തിയെങ്കിലും ദേവസ്വം അധികൃതർ അനുവദിച്ചില്ല.മുൻകൂർ അനുമതി തേടിയില്ല എന്നതായിരുന്നു കാരണം.തുടർന്ന് വിജിലൻസ് ദേവസ്വത്തിന് കത്ത് നൽകുകയുണ്ടായി.എന്നാൽ ദേവഹിതം അറിയണമെന്ന കാരണം ചൂണ്ടിക്കാട്ടി ദേവസ്വം കത്ത് തളളി.ഇതിനെ തുടർന്നാണ് കോടതി വീണ്ടും ഇടപെട്ടത്.