കൊട്ടിയം: ഓർമ്മകൾ ചികഞ്ഞെടുത്ത് ഒടുവിൽ ഫർസാന മഹാരാഷ്ട്രയിലെ സ്വന്തംവീട്ടിലെത്തി. രക്ഷകരായത് കൊല്ലത്തെ ലീഗൽ സർവീസ് അതോറിറ്റി.
10 വർഷം മുമ്പാണ് മഹാരാഷ്ട്രയിൽ നിന്ന് ഫർസാന എന്ന 28കാരി കുഞ്ഞിനെയുമെടുത്ത് വീട്‌വിട്ടിറങ്ങിയത്. ഇടയ്ക്കിടെ ഓർമ്മ നഷ്ടപ്പെട്ടിരുന്നതിനാൽ ട്രെയിനിൽ എങ്ങോട്ടന്നില്ലാതെ യാത്ര ചെയ്തു. യാത്രയ്ക്കിടയിൽ എപ്പോഴോ കുട്ടിയെ നഷ്ടപ്പെട്ടു.
ഇതോടെ തീർത്തും ഭ്രാന്തമായ അവസ്ഥയിലായവൾ. തിരുവനന്തപുരത്ത് അലഞ്ഞുനടന്ന ഇവരെ പൊലീസ് ഇടപെട്ട് മാനസികരോഗ ആശുപത്രിയിലാക്കി. അവിടെ 5 വർഷത്തോളം നടത്തിയ ചികിത്സയിൽ രോഗം ഭേദമായി. അവിടെ നിന്ന് പൊലീസ് ഇടപെട്ട് ചാത്തന്നൂർ കരുണാലയത്തിലെത്തിച്ചു.
അവിടെ വച്ച് ക്രമേണ ഫർസാനയ്ക്ക് ഓർമ്മ തിരിച്ചുകിട്ടി. ജീവിതത്തിലേയ്ക്ക് തിരികെയെത്താനായി പിന്നത്തെ ശ്രമം. അധികൃതരോട് വീട്ടിൽ പോകണമെന്ന് അവൾ ആവശ്യപ്പെട്ടു. ലീഗൽ കൗൺസലിംഗിനിടെയായിരുന്ന ഫർസാനയുടെ കരച്ചിലോടെയുള്ള ആവശ്യം. അതിനുള്ള നടപടികൾക്കായി അധികൃതർ പാരാലീഗൽ വാളന്റിയർ റീജയെ നിയോഗിച്ചു. റീജ അന്വേഷണം നടത്തി ഫർസാനയുടെ ബന്ധുക്കളെ കണ്ടെത്തി. ഫർസാനയെ ഏറ്റെടുക്കാൻ തയ്യാറാണെങ്കിലും ഇവിടെ വരാനാകാത്ത അവസ്ഥയിലായിരുന്നു അവർ.
ചാത്തന്നൂരിലെ കരുണാലയത്തിൽ നിന്ന് കഴിഞ്ഞ ആഴ്ച ഫർസാനയെയും കൂട്ടി റീജയും സഹായത്തിന് ഭർത്താവ് വിനോദും പുറപ്പെട്ടു.
മഹാരാഷ്ട്രയിലെ നീലങ്ക് പൊലീസ്‌സ്റ്റേഷൻ വഴി എസ്.ഐ പ്രയങ്കയുടെ സാന്നിദ്ധ്യത്തിൽ ഫർസാനയെ സഹോദരൻ മെഹ്ബൂബിനെ ഏല്പിച്ചു. മഹാരാഷ്ട്ര ലാത്തൂർജില്ലയിലെ നിലങ്കാന ബ്ലോക്കില കെൽഗോൺ പഞ്ചായത്തിലാണ് ഫർസാനയുടെ വീട്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുംസബ് ജഡ്ജുമായ ആർ സുധാകാന്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമിതിയിലെ പാരാലീഗൽ വോളണ്ടറിയറാണ് റീജ വിനോദ്.