കുണ്ടറ: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ 30000 രൂപ ചന്ദനത്തോപ്പ് ഐ.ടി.ഐ വിദ്യാർത്ഥികൾ ഉടമയ്ക്ക് നൽകി സത്യസന്ധത തെളിയിച്ചു. ഇന്നലെ രാവിലെ കുരീപ്പള്ളി സാരഥി ജംഗ്ഷൻ റോഡിൽ അണ്ണാച്ചിമുക്കിന് സമീപത്തെ വളവിലെ റോഡരികിൽ നിന്നാണ് 30,000 രൂപ അടങ്ങുന്ന പൊതി ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ വിദ്യാർത്ഥികളായ തൗഫിഖ്, ഹിഷാം, ഷെഹീനാദ് എന്നിവർക്ക് കിട്ടിയത്.
ഇവർ പണം പൊതിഞ്ഞിരുന്ന കവറിനുള്ളിൽ പണം കിട്ടിയിട്ടുണ്ടെന്ന് കാണിച്ചു തൗഫീഖിന്റെ മൊബൈൽ നമ്പർ ചേർത്ത് കുറിപ്പെഴുതി അതേ സ്ഥലത്ത് വയ്ക്കുകയും സമീപവാസികളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ക്ലസിലെത്തി അദ്ധ്യാപകരെയും വിവരം അറിയിച്ചു. അദ്ധ്യാപകർ കുണ്ടറ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സാരഥി ജംഗ്ഷൻ സ്വദേശി ഷാജി രാവിലെ വീട്ടിൽ നിന്ന് സോമില്ലിലേക്ക് പോകുമ്പോഴാണ് പണം നഷ്ടമായത്. മില്ലിൽ എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഉടൻ തിരിച്ച് പോയി അന്വേഷിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് പണം കിട്ടിയ വിവരം അറിയുകയും തൗഫീഖിന്റെ ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ വിദ്യാധിരാജിന്റെ സാന്നിദ്ധ്യത്തിൽ തൗഫീക്കിൽ നിന്ന് പണം ഏറ്റുവാങ്ങി. അദ്ധ്യാപകരായ ഹബീബ്, രാജേഷ്, വിജയകുമാർ എന്നിവരും സന്നിഹിതരായിരുന്നു.