കൊല്ലം: കെ.എസ്.ആർ ടി.സി റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏൽപ്പിച്ച മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കൊട്ടാരക്കര കെ.എസ്. ആർ. ടി. സി ഡിപ്പോയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു . സമരക്കാർ ഡിപ്പോയിൽ നിന്നുള്ള ബസ് സർവീസുകൾ തടഞ്ഞത് യാത്രക്കാരെ വലച്ചു . കഴിഞ്ഞ ദിവസം രാവിലെ 7 മണി മുതൽ തന്നെ സംയുക്ത ട്രേഡ് യുണിയനുകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരുന്നു . റിസർവേഷൻ കൗണ്ടർ ഉപരോധിച്ചായിരുന്നു സമരം . എന്നാൽ ഇതേ വിഷയത്തിൽ കെ.എസ്.ആർ ടി.സി തിരുവനന്തപുരം ഡിപ്പോയിൽ നടന്ന സമരത്തിൽ യൂണിയൻ നേതാക്കളെ പൊലീസ് മർദ്ദിച്ചുവെന്ന വാർത്ത വന്നതോടുകൂടി കൊട്ടാരക്കര ഡിപ്പോയിൽ സമരം ശക്തമാക്കുകയും മിന്നൽ പണിമുടക്കായി മാറുകയുമായിരുന്നു . ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെ സമരക്കാർ തടഞ്ഞു. രാവിലെ 7 മണി മുതൽ 12 വരെ കൊട്ടാരക്കര ഡിപ്പോയിൽ നിന്നുള്ള മുഴുവൻ സർവീസുകളും നിറുത്തിവെപ്പിച്ചു. ഇതോടെ യാത്രക്കാർ പെരുവഴിയിലായി .ഒരു കൂട്ടം യാത്രക്കാർ സംഘടിച്ച് സമരക്കാർക്ക് നേരെ തിരിഞ്ഞു. കൊട്ടാരക്കര എസ്.ഐ സി .കെ മനോജ് യാത്രക്കാരെ ഉപയോഗിച്ച് സമരക്കാരെ നേരിടാൻ ശ്രമിച്ചുവെന്നാരോപിച്ച് പൊലീസും സമരക്കാരും തമ്മിൽ ചെറിയ സംഘർഷം ഉടലെടുത്തു . മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിൽ റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏല്‍പ്പിച്ച മാനേജ്മെന്റ് നടപടി മരവിപ്പിച്ചു. തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ച് സർവീസ് പുനരാരംഭിച്ചു.
ഉപരോധ സമരത്തിന് വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.എസ് മുരുകൻ,എം.ആർ.ശ്രീജിത്ത് ഘോഷ്, എം.സുരേന്ദ്രൻ , ഹരിഹരശർമ്മ, ശിവകുമാർ, എ.സുരേഷ്കുമാർ, രാജേന്ദ്രബാബു, പ്രശാന്ത് കാവുവിള ഹണിബാലചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി