ob-rajesh
രാജേഷ്

ഓച്ചിറ: ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലേശ്ശേരിൽ ക്ഷേത്രത്തിന് സമീപം പുത്തൻ തറയിൽ രാജേഷ് (31) മരിച്ചു. സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ക്ലാപ്പന വരവിള സുനീഷ് ഭവനിൽ സുനീഷിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ 4ന് രാത്രി 12.30ന് പ്രയാർ പെട്രോൾ പമ്പിന് സമീപം റോഡ് സൈഡിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട രാജേഷിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഓച്ചിറ പൊലീസ് എത്തിയാണ് ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ദേഹമാസകലം പരിക്കേറ്റ് വാരിയെല്ലുകളും ഇടുപ്പെല്ലും തകർന്ന നിലയിൽ ആശുപത്രിയിലെത്തിച്ച രാജേഷ് വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചു. ബഹറിനിൽ ജോലിയുണ്ടായിരുന്ന രാജേഷ് കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തന്നെ മർദ്ദിച്ചതായി ആരോപിച്ച് ഭാര്യ വിദ്യ രാജേഷിനെതിരെ ഓച്ചിറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിനെ ഭയന്ന് ബന്ധുവായ പ്രയാർതെക്ക് ശിവാലയത്തിൽ സനീഷിന്റെ വീട്ടിൽ അഭയം തേടിയ രാജേഷിനെ സുനീഷും (29) കൂട്ടുകാരൻ കണ്ണനും വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രി 11 മണിയോടെ സുഹൃത്ത് സനീഷിന്റെ സ്കൂട്ടറുമായ പുറത്തുപോയ രാജേഷിനെ 12.30ന് അബോധാവസ്ഥയിൽ റോഡ് സൈഡിൽ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രാദേശികനേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എസ്.എം. ഇക്ബാലിനെ വധിക്കാൻ ശ്രമിച്ചകേസിലെ ആറാം പ്രതി വരവിള കട്ടപ്പുറത്തേരിൽ കണ്ണൻ എന്നു വിളിക്കുന്ന രാജീവിനെ പൊലീസ് തെരയുന്നു.