കരുനാഗപ്പള്ളി: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പട്ട് കരുനാഗപ്പള്ളി ടൗണിൽ വസ്തു അക്വർ ചെയ്തതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കാൻ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് കരുനാഗപ്പള്ളിയിൽ സ്ഥലം അക്വർ ചെയ്തത്. റോഡിന്റെ മദ്ധ്യഭാഗത്തു നിന്ന് ഇരുവശങ്ങളിലേക്കും 7.5 മീറ്റർ വീതം അക്വർ ചെയ്യണമെന്ന മാനദണ്ഡമാണ് ലംഘിക്കപ്പെട്ടത്. ഇതിനെതിരെ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്..ശോഭനൻ എന്നിവർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷൻ മുതൽ തെക്കോട്ട് ദേശീയപാതയുടെ പടിഞ്ഞാറുവശം ചേർത്താണ് സ്ഥലം അക്വർ ചെയ്തത്. ഇതുമൂലം ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തുള്ള താലൂക്ക് ആശുപത്രി കെട്ടിടം, എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ്, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, തിരുർകാവ് ഭദ്രകാളീ ക്ഷേത്രം, ദുർഗാദേവീ ക്ഷേത്രം, ഹെഡ് പോസ്റ്റ് ഒാഫീസ്, മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, മുൻസിപ്പൽ ഓഫീസ് തുടങ്ങി നിരവിധി സ്ഥാപനങ്ങളാണ് പൊളിച്ചുനീക്കേണ്ടി വരുന്നത്. ദേശീയപാതയുടെ കിഴക്ക് ഭാഗത്തുള്ള സ്ഥാപനങ്ങൾ എല്ലാം അതേ പടി തന്നെ നിലനിൽക്കും. ഈ അനീതിക്ക് എതിരെയാണ് സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചത്. ദേശീയപാതയുടെ വികസനത്തിന് യൂണിയൻ എതിരല്ലെന്നും കൗൺസിൽ യോഗം അറിയിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, കള്ളേത്ത് ഗോപി, കളരിക്കൽ സലിംകുമാർ, എം.ചന്ദ്രൻ, ബി.കമലൻ, കുന്നേൽ രാജേന്ദ്രൻ, ക്ലാപ്പന ഷിബു എന്നിവർ സംസാരിച്ചു.