ഓച്ചിറ: ദുരൂഹസാഹചര്യത്തിൽ മരിച്ച ആലുംപീടിക സ്വദേശി രാജേഷിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാർ ഓച്ചിറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിയോടെയായിരുന്നു ഉപരോധം.
അന്വേഷണം നീതിപൂർവമല്ലെന്നും കൊല്ലപ്പെട്ട രാജേഷിന്റെ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യണമെന്നും ഗുണ്ടകൾക്ക് വളരാൻ പൊലീസ് അവസരം നൽകുകയാണെന്നും ഉപരോധം ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഇക്ബാൽ പറഞ്ഞു. തുടർന്ന് കമ്മിഷനർ പി.കെ.മധുവുമായി സമരസമിതി നേതാക്കളായ സി.ആർ. മഹേഷ്, സൂര്യകുമാർ, ആർ. സുധാകരൻ, വാർഡ് മെമ്പർ ഉമയമ്മ, വരവിള മനേഷ് എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി എ.സി.പി ബി. വിനോദ് കേസ് അന്വേഷണം നേരിട്ട് നടത്തുമെന്നും അന്വേഷണം നീതിപൂർവമായിരിക്കുമെന്നും കമ്മിഷണർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.