 കണ്ടെത്തൽ ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയുടേത്

 ഇവർക്കായി 25ന് പ്രത്യേക ക്യാമ്പ് നടത്തും

കൊല്ലം: വായ്പ അനുവദിക്കുന്നതിൽ ജില്ലയിലെ ബാങ്കുകൾ പട്ടികജാതിക്കാർക്കും സ്‌ത്രീകൾക്കും പരിഗണന നൽകുന്നില്ലെന്ന് ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയുടെ വിലയിരുത്തൽ. ബാങ്കുകൾ നടപ്പാക്കുന്ന വിവിധ വായ്‌പാ പദ്ധതികളെക്കുറിച്ച് പട്ടികജാതി വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കുമുള്ള അറിവില്ലായ്മയും ഇതിന് കാരണമായെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ലീഡ് ബാങ്കായ ഇന്ത്യൻ ബാങ്ക് പട്ടികജാതി / വനിതാ സംരംഭകർക്കായി 25ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
ബാങ്കുകൾ സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന പ്രെെം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (പി.എം.ഇ.ജി.പി), എന്റെ ഗ്രാമം പദ്ധതികൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന പദ്ധതികൾ, നഗരസഭകളിലൂടെ നടപ്പാക്കുന്ന പദ്ധതികൾ തുടങ്ങിയവയെക്കുറിച്ച് ക്യാമ്പിൽ വിശദീകരിക്കും. പദ്ധതികൾക്കായി അപേക്ഷിക്കേണ്ട രീതിയും ക്യാമ്പിൽ പങ്കെടുക്കുന്നവരെ ബോദ്ധ്യപ്പെടുത്തും. ബാങ്കുകൾ നൽകി വരുന്ന മുദ്രാ വായ്‌പ മറ്റ് തൊഴിൽ വായ്‌പകൾ എന്നിവയെ ക്കുറിച്ചും ക്യാമ്പിൽ നിന്ന് മനസിലാക്കാം. കൂടുതൽ പരിശീലനം ആവശ്യമായ ഗുണഭോക്താക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനുള്ള നിർദ്ദേശങ്ങളും നൽകും.
ക്യാമ്പിൽ പങ്കെടുക്കുന്നവർ നൽകുന്ന വായ്‌പാ അപേക്ഷകൾ അതത് സർവീസ് ഏരിയകളിലെ ബാങ്കുകളിലേക്ക് നൽകാനും ജില്ലാതല ബാങ്കിംഗ് അവലോകന സമിതി തീരുമാനിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള പട്ടികജാതി / വനിതാ സംരംഭകർ ചിന്നക്കട മെയിൻ റോഡിലെ ഇന്ത്യൻ ബാങ്കിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ലീഡ് ബാങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0474 2742651, 9447742651