photo
എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയുടെ സമാപന യോഗത്തിൽ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠാരരു മോഹനരുര് അനുഗ്രഹ പ്രഭാഷണം നടത്തുന്നു. അഡ്വ.എൻ.വി. അയ്യപ്പൻപിള്ള, വി.ആർ.സുനിൽ എന്നിവർ സമീപം.

കരുനാഗപ്പള്ളി: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ നാമജപ ഘോഷയാത്രയിൽ പ്രതിഷേധമിരമ്പി. ഇന്നലെ വൈകിട്ട് 3 മണിക്ക് പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചനാമജപ ഘോഷയാത്രയിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് പങ്കെടുത്തത്. അയ്യപ്പന്റെ ചിത്രവും സേവ് ശബരിമല എന്നെഴുതിയ പ്ലക്കാർഡുകളും ഏന്തിയാണ് ഭക്തർപങ്കെടുത്തത്. നാമജപത്തിന്റെ ഏറ്റവും മുന്നിലായി അയ്യപ്പ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥമായിരുന്നു. ഇതിന് പിന്നിലായി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എൻ.വി.അയ്യപ്പൻപിള്ള, വൈസ് പ്രസിഡന്റ് പ്ലാവേലിൽ എസ്. രാമകൃഷ്ണപിള്ള, സെക്രട്ടറി വി.ആർ.സുനിൽ എന്നിവർ അണിനിരന്നു.. ശരണം വിളികളും നാമ മന്ത്രങ്ങളുമായി ഭക്തർ നാമജപ ഘോഷയാത്രയിൽ കണ്ണികളായി. വൈകിട്ട് 5 മണിയോടെ നാമജപ ഘോഷയാത്ര ലാലാജി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠാരര്മോഹനരര് അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് എതിരെയുള്ള സുപ്രീംകോടതി വിധിക്കെതിരെ എല്ലാ ഭക്തജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എൻ.വി.അയ്യപ്പൻപിള്ള, സെക്രട്ടറി വി.ആർ.സുനിൽ എന്നിവർ പ്രസംഗിച്ചു. ഘോഷയാത്രയെ തുടർന്ന് പൊലീസ് ഗതാഗതം പല വിഴിക്കായി തിരിച്ചുവിട്ടെങ്കിലും മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.