balachandran-chullikkad
കാക്കനാടൻ സ്മൃതി സംഗമം കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ കവിബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നിലവിലുള്ള ഭാഷ, സദാചാര, സാമൂഹ്യ വ്യവസ്ഥകളെ ചോദ്യം ചെയ്യുകയും ധ്വംസിക്കുകയും ചെയ്ത എഴുത്തുകാരനാണ് കാക്കനാടനെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. കാക്കനാടന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ കാക്കനാടൻ ഫൗണ്ടേഷൻ കൊല്ലത്ത് സംഘടിപ്പിച്ച സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 കളിലും 70 കളിലും സാഹിത്യത്തിൽ നിലവിലുള്ള വ്യവസ്ഥയ്‌ക്കെതിരായ കലാപമായി മാറിയ മുന്നേ​റ്റത്തിന് നേതൃത്വം നൽകിയ എഴുത്തുകാരിൽ പ്രധാനിയായിരുന്നു കാക്കനാടനെന്നും ചുള്ളിക്കാട് പറഞ്ഞു. കാക്കനാടൻ ഫൗണ്ടേഷൻ ചെയർമാൻ എം.എ. ബേബി അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബാബു കുഴിമ​റ്റം, ബി. മുരളി, കെ. ഭാസ്‌കരൻ, അഡ്വ.ഡി. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ടി. മോഹനൻ സ്വാഗതവും രാധാ കാക്കനാടൻ നന്ദിയും പറഞ്ഞു. രാവിലെ 9 മണിക്ക് പോളയത്തോട് കാക്കനാടൻ സ്മൃതിമണ്ഡപത്തിൽ മേയർ വി.രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് പുഷ്പാർച്ചനയും നടത്തി.