കൊല്ലം: റവന്യു ജില്ലാ കായികമേള ലാൽ ബഹാദൂർ സ്‌റ്റേഡിയത്തിൽ ആരംഭിച്ചു. 12 സബ് ജില്ലകളിൽ നിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വിജയിച്ച കായിക താരങ്ങളാണ് റവന്യു ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഒന്നും രണ്ടും സ്ഥാനം നേടുന്നവർ അടുത്തയാഴ്‌ച തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല കായികമേളയിൽ പങ്കെടുക്കും. ഇന്ന് സീനിയർ വിഭാഗം മത്സരങ്ങളോടെ ജില്ലാതല മേള സമാപിക്കും.

ഷോട്ട്പുട്ടിൽ വീണ്ടും ഫർസാന

കൊല്ലം: അഞ്ച് വർഷമായി ജില്ലാ കായിക മേളയിൽ സ്ഥിരം സാന്നിദ്ധ്യമാണ് ചവറ കൊറ്രംകുളങ്ങര ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫർസാന. റവന്യു ജില്ലാ കായിക മേളയിൽമൂന്നാം തവണയാണ് ഫർഹാന ഷോട്ട്പുട്ടിൽ ഒന്നാമതെത്തുന്നത്. ദിവസങ്ങൾക്കകം എത്തുന്ന സംസ്ഥാന മീറ്രിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചാം ക്ലാസ് മുതൽ കായിക രംഗത്തുള്ള ഫർസാനയ്‌ക്ക് എല്ലാ പിന്തുണയുമായി ഒപ്പമുള്ളത് സ്‌കൂളിലെ അദ്ധ്യാപിക എം.ബി. ഷീബയാണ്. പരിമിതികൾക്കുള്ളിലും വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്ന ടീച്ചർ സ്‌കൂളിലെത്തിയിട്ട് എട്ടു വർഷത്തോളമായി.

മൗണ്ട് താബോറിന്റെ സ്വന്തം ഫാത്തിമ

സീനിയർ പെൺകുട്ടികളുടെ മൂവായിരം മീറ്ററിൽ ഒന്നാമതെത്തിയത് പത്തനാപുരം മൗണ്ട് താബോർ എച്ച്.എസ്.എസിലെ എസ്.യു. ഫാത്തിമയാണ്. അഞ്ച് വർഷമായി കായികമേളകളിലെ പ്രിയ താരമാണീ പ്ലസ് ടു വിദ്യാർത്ഥിനി. 5000 മീറ്രർ കൂടാതെ 3000, 1500 മീറ്ററുകളിൽ മുൻപ് മികവ് തെളിയിച്ചിട്ടുള്ള ഫാത്തിമയ്‌ക്ക് എല്ലാ പിന്തുണയും നൽകുന്നത് സ്‌കൂളിലെ കായികാദ്ധ്യാപകൻ ജോൺ സാമുവൻും മാതാപിതാക്കളും സഹോദരങ്ങളുമാണ്. പഠനത്തിനൊപ്പം സ്‌പോർട്‌സിനെയും സ്‌നേഹിക്കുന്ന ഫാത്തിമയ്‌ക്ക് കായിക മേളയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാം എന്ന ആത്മവിശ്വാസമുണ്ട്.