കൊല്ലം : ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാരിന് സി.പി.ഐയുടെ പരോക്ഷ വിമർശനം. നടപടികൾക്ക് ഇത്രയും ധൃതി പാടില്ലായിരുന്നെന്നും ഇത്തരം വിഷയങ്ങളിൽ വൈകാരിക നിലപാട് സ്വീകരിക്കരുതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
നാല് തെക്കൻ ജില്ലകളുടെ മേഖലാ ജനറൽ ബോഡിയിൽ റിപ്പോർട്ടിംഗ് നടത്തുകയായിരുന്നു അദ്ദേഹം. സർക്കാരുമായി ബന്ധപ്പെട്ട ചിലർ എടുത്തുചാടി നടത്തിയ പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നു. വികാരപരമായ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ അത് എതിരാളികൾക്ക് അവസരം നൽകുന്നതാകരുത്. വിധി നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. എന്നാൽ അത് കൂടുതൽ അവധാനതയോടെ ചെയ്യണം. വിധിയുടെ പൂർണ രൂപം അറിയും മുമ്പ് ചിലർ നടത്തിയ പരാമർശങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി. വിധിനടപ്പാക്കുമ്പോൾ ഉയരാവുന്ന പ്രതിഷേധം മുൻകൂട്ടി കാണണം.
ശ്രീനാരായണഗുരുദേവൻ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയപ്പോഴും വൻ പ്രതിഷേധം ഉയർന്നെങ്കിലും കെട്ടടങ്ങി. ക്ഷേത്രപ്രവേശന വിളംബരം നടന്നപ്പോഴും പ്രതിഷേധം ഉയർന്നിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല കേസുമായി ബന്ധപ്പെട്ട് പാർട്ടി പുറത്തിറക്കുന്ന ലഘുലേഘയും യോഗത്തിൽ വിതരണം ചെയ്തു. പാർട്ടി ഘടകങ്ങളെ ബോധവത്കരിക്കാൻ കുടുംബയോഗങ്ങൾ സംഘടിപ്പിക്കാനും 24ന് കൊല്ലത്ത് മുഖ്യമന്ത്രിയടക്കം പങ്കെടുക്കുന്ന വിശദീകരണയോഗം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
തട്ടാമല ലാലാസ് കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാ ജനറൽബോഡിയിൽ സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ്ബാബു, ദേശീയ എക്സിക്യൂട്ടീവംഗം കെ.ഇ. ഇസ്മായിൽ എന്നിവരും സംബന്ധിച്ചു. ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ സ്വാഗതം പറഞ്ഞു.