ലക്ഷ്മിപുരം തോപ്പ്- മുക്കം പൊഴി റോഡ് വീതികൂട്ടാൻ ഭരണാനുമതി
കൊല്ലം തോടിന് സമീപം പാർശ്വഭിത്തി നിർമ്മാണം പുരോഗമിക്കുന്നു
01. ലക്ഷ്മിപുരം- മുക്കം പൊഴി റോഡിന്: 1.77 കോടി രൂപ
02. വികസിപ്പിക്കുന്നത്: 5 മീറ്റർ വീതിയിൽ
03. മയ്യനാട്- മുക്കം- ബോട്ട് ജെട്ടി റോഡിന്: 1.89 കോടി രൂപ
04. 31 ഓളം വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കും
05. കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റും
06. ഹാർബർ എൻജിനീറിംഗ് വകുപ്പിന്റെ വിഹിതം: 85.5 ലക്ഷം
കൊല്ലം: തീരദേശ റോഡിലെ ഗതാഗത പ്രതിസന്ധിക്ക് വൈകാതെ പരിഹാരമൊരുങ്ങും. തുടർച്ചയായി പോയ്ത കനത്ത മഴയിൽ തകർന്ന ലക്ഷ്മിപുരം- മുക്കം പൊഴി റോഡ് വീതി കൂട്ടി ബലപ്പെടുത്താൻ ഭരണാനുമതിയായി. നിലവിൽ പലയിടങ്ങളിലും മൂന്ന് മീറ്ററിൽ താഴെ മാത്രം വീതിയുള്ള റോഡ് അഞ്ച് മീറ്ററായാണ് വികസിപ്പിക്കുന്നത് ഏകദേശം ഒന്നേകാൽ കിലോമീറ്രർ ദൂരത്തിലുള്ള വികസനത്തിന് 1.77 കോടി രൂപ അനുവദിച്ചു.
നേരത്തെ ഭരണാനുമതി ലഭിച്ച മയ്യനാട്- മുക്കം- ബോട്ട് ജെട്ടി റോഡ് വീതി കൂട്ടി ബലപ്പെടുത്തുന്നതിനും കരാറായി. 1.89 കോടിയാണ് ഇതിനുള്ള പദ്ധതി തുക. ഇതിനൊപ്പം തന്നെ ലക്ഷ്മിപുരം- മുക്കം പൊഴി റോഡ് നിർമ്മാണത്തിനും സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും തുക അനുവദിച്ചിരുന്നില്ല. താന്നിപാലം ലക്ഷ്മിപുരം തോപ്പ് റോഡ് വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഏകദേശം ഒരുകിലോ മീറ്ററോളം നീളമുള്ള ഈ റീച്ചിന്റെ വീതികൂട്ടലിനായി. 31 ഓളം വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് വൈദ്യുതി വകുപ്പിൽ നിന്ന് അനുമതിയായി. ഇതുവഴിയുള്ള കുടിവെള്ള പൈപ്പ് ലൈനുകൾ കൂടി മാറ്റി സ്ഥാപിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകും
ഇരവിപുരം പാലം മുതൽ കൊണ്ടയത്ത് പാലം വരെയുള്ള ഭാഗം ഗതാഗത യോഗ്യമാക്കാൻ ഹാർബർ എൻജിനീറിംഗ് വകുപ്പിന്റെ 85.5 ലക്ഷം രൂപയുടെ പദ്ധതിക്ക് രണ്ട് മാസം മുൻപ് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും നിർമ്മാണം ആരംഭിക്കാനാകാത്ത സ്ഥിതിയാണ്. കനത്തമഴയിൽ റോഡ് പലയിടങ്ങളിലും കൊല്ലം തോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നതാണ് കാരണം. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഈ ഭാഗത്ത് പാർശ്വഭിത്തി കെട്ടൽ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ ഉടൻ റോഡിന്റെ പുനർനിർമ്മാണം ആരംഭിക്കും.