കൊല്ലം: പ്രളയം കവർന്ന 25 വീടുകൾ പുനർനിർമ്മിക്കാൻ അഞ്ച് ലക്ഷം ബുക്കുകൾ വിറ്റ് ഒരു കോടി രൂപ സമാഹരിക്കാനുള്ള വലിയ ശ്രമത്തിലാണ് ഒരു സംഘം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. പത്തനംതിട്ട റാന്നി കൊറ്റനാട് എസ്.സി.വി എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്‌കീം കുട്ടികളാണ് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിയിൽ വേറിട്ട അടയാളങ്ങളാകുന്നത്.
പ്രളയബാധിതർക്ക് ഭക്ഷണപ്പൊതികളും അവശ്യ സാധനങ്ങളുമായി ക്യാമ്പുകളിലെത്തിയ കുട്ടികൾ പ്രളയാനന്തര ശുചീകരണത്തിലും സജീവമായിരുന്നു. അന്ന് കുട്ടികൾക്ക് 2000 നോട്ട്ബുക്കുകളും നിർമ്മിച്ച് നൽകി. മഹാപ്രളയത്തിൽ കിടപ്പാടം നഷ്‌ടമായവരുടെ വേദന കുട്ടികൾ തിരിച്ചറിഞ്ഞത് അപ്പോഴാണ്.
ഒരു വീടെങ്കിലും നിർമ്മിച്ച് നൽകണം. അവർമനസിലുറച്ചു. സ്‌കൂളിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. അരുണിനോട് കാര്യങ്ങൾ അവതരിപ്പിച്ചു. ആ ചർച്ചയിലാണ് നോട്ട് ബുക്കുകൾ നിർമ്മിച്ച് വിൽക്കാമെന്ന കിടിലൻ ആശയത്തിലെത്തിയത്. ഒരു വീടിന് പകരം 25 വീടുകൾ എന്ന വലിയ സ്വപ്‌നത്തിലേക്ക് കുട്ടികളുടെ മനസ് ചിറകുവിടർത്തി. പ്രളയാനന്തര പുനർനിർമ്മിതിക്ക് കുട്ടികളുടെ അഭിപ്രായങ്ങൾ തേടാൻ കളക്‌ടർ പി.ബി. നൂഹ് വിളിച്ച യോഗത്തിൽ അവർ പദ്ധതി അവതരിപ്പിച്ചു. എഴുന്നേറ്റ് നിന്ന് കൈയടിക്കേണ്ട പദ്ധതിയെന്ന് പ്രശംസിച്ച് ഹർഷാരവത്തോടെ കളക്ടറും ഉദ്യോഗസ്ഥരും അതിനെ സ്വീകരിച്ചു.
45 രൂപ വിലയുള്ള 180 പേജിന്റെ ഉന്നത നിലവാരമുള്ള നോട്ട് ബുക്കാണ് നിർമ്മിക്കുന്നത്. ഒരു ലക്ഷം ബുക്കുകൾ ഒന്നര മാസത്തിൽ തയ്യാറാക്കും. എൻ.എസ്.എസ് യൂണിറ്റുകൾ ഡിസംബറിൽ സ്‌കൂളുകളിലും കോളേജുകളിലും 40 രൂപ നിരക്കിൽ ബുക്കുകൾ വിൽക്കും. ഒരു ലക്ഷം ബുക്ക് വിൽക്കുമ്പോൾ 20 ലക്ഷം രൂപയാണ് ലാഭ പ്രതീക്ഷ. അഞ്ച് ലക്ഷം ബുക്ക് ആകുമ്പോൾ ഒരു കോടി രൂപ ലാഭമുണ്ടാകും. ബുക്ക് നിർമ്മാണത്തിന് അത്രതന്നെ ചെലവും വരുമെന്നാണ് കണക്കാക്കുന്നത്.
ഡിസംബർ അവസാനത്തോടെ അഞ്ച് വീടുകളുടെ നിർമ്മാണം ആരംഭിക്കും. രണ്ടാംഘട്ടത്തിൽ ബുക്ക് നിർമ്മാണ യൂണിറ്റ് സ്‌കൂളിൽ സ്ഥാപിക്കും. കുട്ടികളുടെ സഹകരണത്തോടെ നാല് ലക്ഷം ബുക്കുകൾ സ്‌കൂളിൽ തയ്യാറാക്കും. 25 വീടെന്ന സ്വപ്‌നം പൂർത്തിയാക്കിയ ശേഷം നിരാംലബർക്ക് വീടൊരുക്കാൻ യൂണിറ്റിന്റെ പ്രവർത്തനം തുടരാനാണ് തീരുമാനം.
4 ലക്ഷം രൂപയുടെ വീടുകൾ
നാല് ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിക്കുന്ന ഏജൻസികളെ സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് കണ്ടെത്തി. ഇവർ നിർമ്മിച്ച വീടുകളുടെ മാതൃക സന്ദർശിച്ച ശേഷം അനുയോജ്യമായത് തിരഞ്ഞെടുക്കും. പ്രളയത്തിൽ വീട് പൂർണമായും തകർന്ന പത്തനംതിട്ട ജില്ലയിലെ എൻ.എസ്.എസ് വോളന്റിയേഴ്സിനാണ് പ്രഥമ പരിഗണന.
'കുട്ടികൾ ആത്മവിശ്വാസത്തിലാണ്. ജനങ്ങളുടെ പിന്തുണ ലഭിച്ചാൽ പദ്ധതി വിജയിക്കും".
എ.അരുൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ