കൊല്ലം: പിണറായി സർക്കാരിന്റെ മുഖ്യ അജണ്ട പണപ്പിരിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കശുഅണ്ടി തൊഴിലാളി ഐക്യട്രേഡ് യൂണിയൻ സമിതി കൊല്ലത്ത് സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തും വിദേശത്തും വ്യാപകമായി പിരിവ് നടത്തുന്ന പിണറായി സർക്കാർ പ്രളയബാധിതരെ സഹായിക്കുന്നതിൽ കാര്യമായ നടപടി സ്വീകരിക്കുന്നില്ല. യു.ഡി.എഫ് ഭരിക്കുമ്പോൾ അടച്ചിട്ടിരിക്കുന്ന സ്വകാര്യഫാക്ടറികൾ തുറന്നുപ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരവും സമരപരമ്പരയും നടത്തിയവർ അധികാരത്തിലേറി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ഫാക്ടറിപോലും തുറക്കാൻ കഴിയാതെ തൊഴിലാളികൾക്ക് മുമ്പിൽ മുട്ടു മടക്കിയിരക്കുന്നത്. ഇടതു സർക്കാർ കൊണ്ടുവന്ന കശുഅണ്ടി ബോർഡ് വെറും തട്ടിപ്പാണ്. വിദേശത്തുനിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് തോട്ടണ്ടിയിറക്കി പണികൊടുക്കാനാണ് ബോർഡ് രൂപീകരിച്ചതെന്ന് വീമ്പടിച്ച മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ എത്ര തോട്ടണ്ടിയാണ് ഇറക്കിയതെന്നും എത്ര പേർക്ക് പണികൊടുത്തുവെന്നും അറിയാൻ കശുഅണ്ടി തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെസി വേണുഗാപാൽ, എൻ കെ പ്രേമചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ ശൂരനാട് രാജശേഖരൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.സി. രാജൻ, അഡ്വ. ഷാനവാസ്ഖാൻ, എ.എ. അസീസ്, പ്രതാപവർമ്മ തമ്പാൻ, എഴുകോൺ നാരായണൻ, വാക്കനാട് രാധാകൃഷ്ണൻ, ജോണി നെല്ലൂർ, എഴുകോൺ സത്യൻ, മോഹനൻപിള്ള, സവിൻ സത്യൻ, ചെക്കാല നാസർ തുടങ്ങിയവർ സംസാരിച്ചു.