sabrimala
ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റേഷനിലേക്കു നടത്തിയ നാമജപയാത്രയിൽ ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ സംസാരിക്കുന്നു

കൊല്ലം: ശബരിമലയിലെ ആചാരങ്ങൾ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് നാമജപയാത്ര നടത്തി.
കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നാമജപയാത്രയിൽ ആർ. കണ്ണൻ, ഹിന്ദു ഐക്യവേദി നേതാവ് ചിറ്റയം ഗോപകുമാർ, ആർ. രഞ്‌‌ജൻ എന്നിവർ പ്രസംഗിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ നിന്നാണ് നാമജപയാത്ര തുടങ്ങിയത്. ആർ.എസ്.എസ് നഗർ കാര്യവാഹക് ഓലയിൽ ഗോപൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ബി.എം.എസ് സംസ്ഥാന സമിതിയംഗം എസ്. വാരിജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
രാമൻകുളങ്ങരയിൽ നിന്നാണ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് യാത്ര ആരംഭിച്ചത്. ശക്തികുളങ്ങര നഗർ സമ്പർക്ക പ്രമുഖ് അനന്തൻപിള്ള, മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നമാജപയാത്രയിൽ ആർ.എസ്.എസ് വിഭാഗ് കാര്യകാര്യ സി.കെ.ചന്ദ്രബാബു, സി.പ്രദീപ് എന്നിവർ പ്രസംഗിച്ചു. കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്ര ഇ.എസ്.ഐ ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് അയ്യപ്പഭക്തരും വിശ്വാസികളുമാണ് നാമജപയാത്രകളിൽ പങ്കെടുത്തത്. പൊലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്താതെ അയ്യപ്പ ശരണ മന്ത്രങ്ങളുമായാണ് മിക്കയിടത്തും അയ്യപ്പ വിശ്വാസികൾ ഒത്തുകൂടിയത്. നാമജപയാത്രയായി എത്തി സ്റ്റേഷന് മുൻപിൽ കുത്തിയിരുന്ന് ശരണമന്ത്രങ്ങൾ ഉരുവിട്ട ശേഷമാണ് ശബരിമല പ്രവർത്തകർ പിരിഞ്ഞ് പോയത്.