police-station-march-
ശബരിമല കർമ്മസമിതി പരവൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ നാമജപയാത്രയ്‌ക്കിടെ പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നു

കൊല്ലം: ശബരിമല സ്ത്രീ പ്രവേശനത്തിലെ സർക്കാർ നിലപാടിലും പൊലീസ് നടപടികളിലും പ്രതിഷേധിച്ച് പരവൂർ പൊലീസ് സ്റ്റേഷനിലേക്ക് ശബരിമല കർമ്മസമിതി നടത്തിയ നാമജപയാത്രയിൽ സംഘർഷം.
രാവിലെ 11ന് പരവൂർ ജംഗ്ഷനിൽ നിന്നാണ് നാമജപയാത്ര ആരംഭിച്ചത്. മേൽപ്പാലം വഴി യാത്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് പത്തിലേറെ കർമ്മസമിതി പ്രവർത്തകർ സ്റ്റേഷനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. ശരണമന്ത്രങ്ങളുമായി സ്റ്റേഷനുള്ളിൽ കടന്നവരെ സ്റ്റേഷന് പുറത്തിറക്കി പൊലീസ് ഗേറ്റ് പൂട്ടി. മറ്റുള്ളവർ ശരണമന്ത്രങ്ങളും കീർത്തനങ്ങളുമായി റോഡ് ഉപരോധിച്ച് സ്റ്റേഷന് മുൻപിൽ കുത്തിയിരുന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, ബി.എം.എസ് മേഖലാ സെക്രട്ടറി മാങ്കുളം രാജേഷ്, കർമ്മസമിതി നേതാക്കളായ അനൂപ്, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. റോഡ് ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തതായി പരവൂർ പൊലീസ് അറിയിച്ചു.