photo
അഷ്ടമുടി ജെ.എൽ.ജെ വർദ്ധന ഗ്രൂപ്പിന്റെ കരനെൽക്കൃഷി

കൊല്ലം: പ്രതീക്ഷയോടെ വിതച്ച വിത്തിൽ പാതിയും പ്രളയത്തിന്റെ കുത്തൊഴുക്കിൽ പാഴായെങ്കിലും മിച്ചമുള്ള കരനെല്ല് കൊയ്തെടുക്കാനൊരുങ്ങുകയാണ് അഷ്ടമുടി ജെ.എൽ.ജെ ഗ്രൂപ്പ് വർദ്ധന വനിതാ കൂട്ടായ്മയിലെ പ്രവർത്തകർ കാഞ്ഞാവെളി കൃഷിഭവനുമായി സഹകരിച്ചായിരുന്നു ഇവർ കരനെൽക്കൃഷി തുടങ്ങിയത്. വിവിധ ഗ്രൂപ്പുകൾക്ക് കൃഷി ചെയ്യാനുള്ള വിത്തും വളവും അനുബന്ധ സഹായവും കൃഷിഭവൻ നൽകി . പ്രസിഡന്റ് രമാദേവിയും സെക്രട്ടറി ഷൈലയും അംഗങ്ങളായ അനിതയും ഷൈലജയും ഉഷയും ചേരുന്ന പ്രവർത്തകർ 40 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്.

മണ്ണൊരുക്കി വിത്തെറിഞ്ഞ് ചാണകപ്പൊടിയും വിതറി. വിത്ത് മുളച്ചപ്പോൾ പ്രതീക്ഷകളുമേറി. മുറ്റത്തും പറമ്പിലും നെൽക്കൃഷിയുടെ സമൃദ്ധി ഇവരൊക്കെ സ്വപ്നം കണ്ടു. പക്ഷേ, അപ്രതീക്ഷിതമായി പ്രളയമെത്തിയപ്പോൾ അഷ്ടമുടിക്കായലിന്റെ തീരപ്രദേശമായ ഇവിടെയും വെള്ളംകയറി. കൃഷി വെള്ളത്തിൽ മുങ്ങിയതിനാൽ വിളവിനെ കാര്യമായി ബാധിച്ചു. കഷ്ടപ്പാടിന് ഗുണമുണ്ടായില്ലെങ്കിലും ശേഷിച്ചവ കൊയ്തെടുക്കുന്നതിനായി ഇവരും കാത്തിരിക്കയാണ്. നെൽമണി വിളഞ്ഞു, ഇനി കൊയ്ത്തുകാലമാണ്. കുറച്ചേ ശേഷിക്കുന്നുള്ളുവെങ്കിലും ഒന്നിച്ച് കൊയ്തെടുക്കാനാണ് തീരുമാനം. ആദ്യ കരനെൽക്കൃഷി നഷ്ടമാണെങ്കിലും പിൻമാറാൻ സംഘം ഒരുക്കമല്ല. ഇനിയും പ്രതീക്ഷയുടെ നെൽവിത്ത് വിതയ്ക്കാനാണ് തീരുമാനവും.